ചെന്നൈ: ശശികലയേയും ദിനകരനെയും പുറത്താക്കി എഐഎഡിഎംകെ ഒന്നിക്കുന്നു. ഇതിന് മുന്നോടിയായി ശശികല പക്ഷത്തെ മന്ത്രിമാര്‍ തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തിയിരുന്നു. ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചുവിളിച്ചതുമായി ബന്ധപ്പെട്ടാണ് യോഗം ചര്‍ച്ച നടത്തിയത്.
നേരത്തേ രണ്ടു വിഭാഗവും ഒന്നിക്കണമെന്ന് ഒപിഎസ് അറിയിച്ചിരുന്നു. ഇതിനെ ശശികല പക്ഷത്തുള്ള മന്ത്രിമാരും സ്വാഗതം ചെയ്തു.
തമിഴ്‌നാട് വൈദ്യുതി മന്ത്രി സി തങ്കമണിയുടെ വീട്ടിലാണ് മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. ധനമന്ത്രി ഡി ജയകുമാര്‍, ആരോഗ്യമന്ത്രി എം ആര്‍ വിജയഭാസ്‌കര്‍ എന്നിവരുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമടക്കം 25 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്നാണ് സൂചന. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈയും പുതിയ നീക്കത്തിന് പിന്തുണയേകിയിട്ടുണ്ട്.
പനീര്‍ശെല്‍വം തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്നാണ് യോഗത്തിനു ശേഷം മന്ത്രി ജയകുമാര്‍ പറഞ്ഞത്. പാര്‍ട്ടിയുടെ 123 എംഎല്‍എമാരും ഒന്നിച്ചുനില്‍ക്കണമെന്നാണ് ആഗ്രഹമെന്നും ജയകുമാര്‍ വ്യക്തമാക്കി.
എഐഡിഎംകെ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞതോടെ പാര്‍ട്ടി ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ലയനത്തിലൂടെ ഇതു തിരിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും. ഇരുപക്ഷവും ഒന്നിക്കുന്നതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയേയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ശശികലയുടെ അന്തരവന്‍ ടിടിവി ദിനകരനെയും പുറത്താക്കിയേക്കും.