കൊല്ലം: വിവാഹാലോചനയുടെ പേരില്‍ വാവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ തന്റെ വിവാഹം വരെ കാത്തിരിക്കാന്‍ തയ്യാറാവണമെന്നും അതിനു ശേഷമാകാം തുടര്‍ ചര്‍ച്ചകളെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം.
ഉയര്‍ന്ന് വന്ന വിവാദത്തെ കുറിച്ച് express Kerala-യോട് പ്രതികരിക്കുകയായിരുന്നു അവര്‍. വിവാഹം പരസ്യത്തിലൂടെ നടത്തേണ്ടതല്ലന്നാണ് തന്റെ നിലപാടെന്ന് ചിന്ത ജെറോം പറഞ്ഞു..
വിവാഹം സംബന്ധിച്ച് ബന്ധുക്കള്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അതിനെ ഇതുവരെ ഗൗരവമായി പോലും കണ്ടിട്ടില്ല. എന്റെ അറിവോട് കൂടിയല്ല പരസ്യം വന്നത്. വിവരം അറിയുന്നത് പോലും വാര്‍ത്ത വന്നപ്പോഴാണെന്നും ചിന്ത വെളിപ്പെടുത്തി.
പരസ്യം ആരാണ് കൊടുത്തതെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വാര്‍ത്തകളും പ്രചരണങ്ങളും എന്തും വന്നുകൊള്ളട്ടെ ,അതിനുള്ള മറുപടി എന്റെ വിവാഹം നടക്കുന്ന സമയത്തുണ്ടാകും. അപ്പോള്‍ ഇളിഭ്യരാവുക വാര്‍ത്ത കൊടുത്തവരാണ്.
സെക്യുലര്‍ കാഴ്ചപ്പാടില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ് താന്‍. ജാതിരഹിത മതേതരസമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പോരാട്ടം തുടരുക തന്നെ ചെയ്യും. ചിന്ത നിലപാട് വ്യക്തമാക്കി.
ചാവറ മാട്രിമോണി ഡോട്ട് കോം എന്ന വൈവാഹിക വെബ്‌സൈറ്റില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വരനെ ആവശ്യപ്പെട്ട് പരസ്യം നല്‍കിയെന്ന് ചൂണ്ടി കാട്ടി സംഘടിതമായ കടന്നാക്രമണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിന്റെ പശ്ചാതലത്തിലായിരുന്നു യുവജന കമ്മിഷന്‍ ചെയര്‍ പേഴ്‌സന്റെ വിശദീകരണം.
എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംഘടനകളുടെ സംസ്ഥാന നേതൃനിരയിലുണ്ടായിരുന്ന ചിന്ത ജെറോം തീപ്പൊരി പ്രസംഗത്തിലൂടെ എതിരാളികളെ കടന്നാക്രമിക്കുന്ന യുവ നേതാവായതിനാല്‍ രാഷ്ട്രീയ എതിരാളികളാണ് ഇപ്പോള്‍ വിഷയം സോഷ്യല്‍ മീഡിയയില്‍ കത്തിക്കുന്നത്.
മുന്‍പ് നടന്‍ സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ചിന്ത നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.