sbi migration in april 1

sbi

ന്യൂഡല്‍ഹി: എസ്ബിഐയില്‍ അസോസിയേറ്റ് ചെയ്തിട്ടുള്ള എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അഞ്ച് ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

എസ്.ബി.ടി.ക്ക് (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍) പുറമേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ (എസ്.ബി.ബി.ജെ.), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (എസ്.ബി.എം.), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (എസ്.ബി.എച്ച്.) സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല (എസ്.ബി.പി.)എന്നീ ബാങ്കുകളാണ് എസ്.ബി.ഐ.യില്‍ ലയിക്കുക. ഈ അഞ്ച് ബാങ്കുകളുടെയും ആസ്തികള്‍ ഏപ്രില്‍ ഒന്നിന് എസ്.ബി.ഐ.യിലേക്ക് മാറ്റും.

ലയനത്തോടെ എസ്.ബി.ഐ.യുടെ മൊത്തം ആസ്തി 37 ലക്ഷം കോടി രൂപയിലെത്തും. മൊത്തം ശാഖകള്‍ 22,500ഉം എ.ടി.എമ്മുകളുടെ എണ്ണം 58,000വും ആകും. മൊത്തം ഉപഭോക്താക്കളുടെ എണ്ണം 50 കോടി കടക്കും. അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ എസ്.ബി.ഐയുടെ ഭാഗമാകും.

ജീവനക്കാരുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും എതിര്‍പ്പ് മറികടന്നാണ് ബാങ്ക് ലയനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ലയനം പൂര്‍ത്തിയാകുന്നതോടെ എസ്.ബി.ഐ.യുടെയും എസ്.ബി.ടി.യുടേതും മറ്റ് അനുബന്ധ ബാങ്കുകളുടേതുമുള്‍പ്പെടെ കേരളത്തില്‍ 400 ശാഖകള്‍ പൂട്ടുമെന്നാണ് കരുതുന്നത്.

എസ്.ബി.ടിക്ക് രാജ്യത്തിനകത്തും പുറത്തുമായി 1180 ശാഖകളാണുള്ളത്. കേരളത്തില്‍ എസ്.ബി.ടി.യുടെ 851 ശാഖകളില്‍ 204 എണ്ണവും തമിഴ്‌നാട്ടില്‍ 59 എണ്ണവും അടച്ചുപൂട്ടേണ്ടിവരും.

Top