തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനൊരുങ്ങി ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം.
ഫോര്‍സ്റ്റാര്‍ നിലവാരമുള്ള മുപ്പത്തി അഞ്ചിലേറെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് നീക്കം. എന്നാല്‍ മദ്യവിതരണം വിനോദസഞ്ചാരികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇത് സംബന്ധിച്ച് ഇടതുമുന്നണി യോഗമായിരിക്കും അന്തിമതീരുമാനമെടുക്കുക. രണ്ടാഴ്ച മുമ്പുചേര്‍ന്ന സി.പി.എം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ധാരണയായിരുന്നു.
വിനോദസഞ്ചാരമേഖലയിലെ വന്‍വരുമാനനഷ്ടം കണക്കിലെടുത്താണ് ഈ പ്രദേശങ്ങളില്‍ ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മൂലം ടൂറിസം മേഖലക്ക് വന്‍ തിരിച്ചടിയുണ്ടായെന്ന റിപ്പോര്‍ട്ട് വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് മദ്യനയത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
10 ശതമാനം വീതം ബിവറേജ്‌സ് ഒട്ട്‌ലൈറ്റുകള്‍ വീതം പൂട്ടാനുള്ള തീരുമാനം നേരത്തെ തന്നെ പിന്‍വലിച്ചെങ്കിലും പുതിയ നയം പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ഇതും നയത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്നത് കൊണ്ട് മറ്റ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ കഴിയില്ല.