കൊട്ടിയൂര്‍: വൈദികന്‍ റോബിന്‍ വടക്കുംചേരി പ്രതിയായ പീഡനക്കേസില്‍ എട്ടുപേരെ കൂടി പ്രതിചേര്‍ത്തു. വൈദികനെകൂടാതെ അഞ്ച് കന്യാസ്ത്രീകളും പ്രതികളായുണ്ട്.
ഡോക്ടര്‍മാരായ സിസറ്റര്‍ ഡോ. ടെസി ജോസ്, ഡോ ആന്‍സി മാത്യു കൂടാതെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍മാരായ ഒഫീലിയ, അനീസ മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി, ഡോ ഹൈദരാലി എന്നിവരാണ് മറ്റു പ്രതികള്‍.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരമാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ആശുപത്രി, അനാഥാലയ അധികൃതരെ അറസ്റ്റു ചെയ്യും.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരം (പോസ്‌കോ) അറസ്റ്റ് ചെയ്യപ്പെട്ട കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും സ്‌കൂള്‍ മാനേജരും ആയിരുന്ന ഫാ. റോബിന്‍ വടക്കുംചേരി കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതിക്കും വീഴ്ച പറ്റിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, പ്രസവ വിവരം മറച്ചുവച്ചതിനു കൂത്തുപറമ്പു ക്രിസ്തുരാജ ആശുപത്രിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കുറിച്ചു പൊലീസ് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാന ഡിജിപിയും കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസാണ് നിര്‍ദേശം നല്‍കിയത്.
അതേസമയം കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി രൂപത രംഗത്തെത്തി. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കുചേരുന്നുവെന്ന് മാര്‍ ജോസ് പൊരുന്നേടം കത്തില്‍ അറിയിച്ചു. സംഭവത്തിനു പിന്നാലെ വൈദികനെ മാറ്റിക്കൊണ്ട് ഫെബ്രുവരി 28ന് ബിഷപ്പ് ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇടവകക്കുണ്ടായ ആത്മാഭിമാനക്ഷതവും ആധ്യാത്മിക നഷ്ടവും വളരെ വലുതാണ്. കുട്ടിയുടെ മാതാപിതാക്കളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് തനിക്കറിയില്ല. ആ കണ്ണീരിനോട് ഞാന്‍ എന്റെ കണ്ണീരും ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് മാപ്പ് പറയാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന പറഞ്ഞാണ് ബിഷ്പ്പ് കത്ത് അവസാനിപ്പിക്കുന്നത്.