ന്യൂഡല്‍ഹി: രാജ്യത്തെ സൈനിക ക്യാംപുകളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനു ശേഷവും ആവശ്യമായ കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചതായി പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ട്.
മുതിര്‍ന്ന ബിജെപി നേതാവ് മേജര്‍ ജനറല്‍ ബി.സി. ഖന്ധൂരി (റിട്ട) യുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് സമിതിയുടേതാണ് റിപ്പോര്‍ട്ട്.
പഠാന്‍കോട്ടിലും ഉറിയിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും പ്രതിരോധമന്ത്രാലയം ശക്തമായ നടപടിയെടുത്തില്ലെന്നാണ് പാര്‍ലമെന്റ് സമിതിയുടെ കണ്ടെത്തല്‍.
ഏഴു സൈനികരുടെ ജീവനെടുത്ത പഠാന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.
സൈനിക ക്യാംപുകളിലെ സുരക്ഷയിലുള്ള വീഴ്ചകളാണ് ഉറി, പഠാന്‍കോട്ട് ഭീകരാക്രമണങ്ങള്‍ക്ക് കാരണം. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 6,7 മാസമായിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന് ആത്മാര്‍ഥതയില്ലെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുണ്ട്.
പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നുമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ സമിതിയിലെ അംഗങ്ങളാണ്.
2016 ഡിസംബറില്‍ ജമ്മു കശ്മീരിലെ സൈനിക ക്യാംപുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.