ന്യൂഡല്‍ഹി:കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റു വാറണ്ട്.
കര്‍ണനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഒരു ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്.
കേസില്‍ കര്‍ണന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് കര്‍ണനെ എല്ലാ ഔദ്യോഗിക ജോലികളില്‍ നിന്ന് ഒഴിവാക്കുന്നതായും കൈവശമുള്ള എല്ലാ ഫയലുകളും ഉടനെ ഹൈക്കോടതിയുടെ റജിസ്ട്രാറെ ഏല്‍പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കോടതിയില്‍ ഹാജരാകില്ലെന്നായിരുന്നു കര്‍ണന്റെ നിലപാട്.തനിക്കെതിരെ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി നടപടി അംഗീകരിക്കുന്നില്ലെന്നും, വിഷയം പാര്‍ലമെന്റിന് കൈമാറണമെന്നും കാണിച്ച് കര്‍ണന്‍ സുപ്രീംകോടതിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ദലിതനായതു കൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നതെന്നാണ് ജസ്റ്റിസ് സി.എസ്.കര്‍ണന്റെ ആരോപണം.
സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്.
ജഡ്ജിമാരായ ദീപക് മിശ്ര, ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, പി.സി.ഘോഷ്, കുര്യന്‍ ജോസഫ് എന്നിവരുമുള്‍പ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.