കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ പ്രതി ക്രോണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.
അന്വേഷണവുമായി സഹകരിച്ചതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ക്രോണ്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കാട്ടി കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ കേസിന്റെ എല്ലാവശങ്ങളും അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി വ്യക്തമാക്കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഉടന്‍ ക്രോണിനെ കസ്റ്റഡിയില്‍ വാങ്ങും.
ഇതിനിടെ മകളുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു. മകളുടെ മരണം ആത്മഹത്യയാണെന്ന് താന്‍ ഒരിക്കലും കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.