ഒടിടിയില്‍ എത്തിയിട്ട് രണ്ടാഴ്ച ; തിയറ്റര്‍ ഇപ്പോഴും മികച്ച കളക്ഷന്‍ നേടി ’12ത്ത് ഫെയില്‍’

തിയറ്റര്‍ റിലീസില്‍ നിന്നും ഒടിടി റിലീസിലേക്കുള്ള സിനിമകളുടെ ദൂരം വര്‍ധിപ്പിക്കണമെന്നത് തിയറ്റര്‍ ഉടമകള്‍ എപ്പോഴും ഉയര്‍ത്തുന്ന ആവശ്യമാണ്. എത്ര വലിയ വിജയചിത്രം ആണെങ്കില്‍പ്പോലും ഒടിടിയില്‍ വന്നാല്‍പ്പിന്നെ അത് കാണാന്‍ തിയറ്ററിലേക്ക് ആരും വരില്ലെന്ന സാമാന്യയുക്തിയാണ് അതിന് പിന്നില്‍. മിക്കപ്പോഴും അത് ശരിയാവാറാണ് പതിവും. എന്നാല്‍ ഇപ്പോഴിതാ ഒരു സിനിമ ആ യുക്തിയെ വെല്ലുവിളിക്കുകയാണ്.

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നല്ല, മറിച്ച് ബോളിവുഡില്‍ നിന്നാണ് ആ ചിത്രം. വിക്രാന്ത് മസ്സേയെ നായകനാക്കി വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍വ്വഹിച്ച ബയോഗ്രഫിക്കല്‍ ഡ്രാമ ചിത്രം 12ത്ത് ഫെയില്‍ ആണ് അത്. കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎസ് റാങ്കിലേക്ക് എത്തിയ മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 ന് ആയിരുന്നു. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളെയും തിയറ്റര്‍ ഉടമകളെയും ഒരേപോലെ അമ്പരപ്പിച്ചത് ഒടിടിയില്‍ എത്തിയതിന് ശേഷം ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ച പ്രതികരണമാണ്.

ഡിസംബര്‍ 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. അത് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴും തിയറ്ററുകളില്‍ ചിത്രം കാണാന്‍ കാര്യമായി ആളെത്തുന്നുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് വില്‍പ്പനയില്‍ ബോളിവുഡിലെ സമീപകാല ഹിറ്റ് ആയ അനിമലിനെ മറികടക്കുകവരെ ചെയ്തു. ബുക്ക് മൈ ഷോയുടെ 24 മണിക്കൂര്‍ കണക്കിലാണ് 12ത്ത് ഫെയില്‍ അനിമലിനെ മറികടന്നത്. ചിത്രം തിയറ്ററുകളില്‍ 80 ദിവസങ്ങള്‍ ഇന്നലെ പിന്നിട്ടിരുന്നു. റിലീസിന്റെ 12-ാം വാരാന്ത്യത്തില്‍ 55 ലക്ഷം രൂപയാണ് ചിത്രം നേടിയത്! ഇതുവരെ ആകെ നേടിയ കളക്ഷന്‍ 55.30 കോടിയും. ബജറ്റ് പരിഗണിക്കുമ്പോള്‍ ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷം നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവുമധികം ലാഭം ഉണ്ടാക്കിക്കൊടുത്ത ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് 12ത്ത് ഫെയില്‍.

Top