ന്യൂഡല്‍ഹി:ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി മെട്രോ സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കും.
ഇന്ന് അര്‍ധരാത്രി മുതല്‍ നഗരത്തിലെ മിക്ക മെട്രോ സ്‌റ്റേഷനുകളും അടയ്ക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ 12 സ്റ്റേഷനുകള്‍ രാത്രി എട്ടു മുതല്‍ അടച്ചിടും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേഷനുകള്‍ അടച്ചിടുക.
അതേസമയം ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലുള്ള മെട്രോ സ്‌റ്റേഷനുകള്‍ അര്‍ധരാത്രി 11.30 മുതല്‍ അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഡല്‍ഹിയിലേക്കുള്ള പ്രധാന മെട്രോ പാതകളെല്ലാം തല്‍ക്കാലത്തേക്ക് അടക്കാനും ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് നടപ്പിലായാല്‍ ഡല്‍ഹിയില്‍ ജനജീവിതം സ്തംഭിക്കും.
രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, ഉദ്യോഗ് ഭവന്‍, ലോക് കലാണ്‍ മാര്‍ഗ്, ജന്‍പഥ്, മാന്‍ഡി ഹൗസ്, ബരാഖംബാ റോഡ്, ആര്‍.കെ. ആശ്രം മാര്‍ഗ്, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ്, ശിവാജി സ്റ്റേഡിയം തുടങ്ങിയ മെട്രോ സ്‌റ്റേഷനുകളാണ് പ്രവര്‍ത്തനം നിര്‍ത്തുക.
എന്നാല്‍ ചില സ്ഥലങ്ങളിലേക്ക് എത്തിപ്പെടാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചു.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രതിഷേധം കണക്കിലെടുത്താണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്.