ന്യൂഡല്‍ഹി: 2018 ഓടെ ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളിലും 100 എം.ബി.പി.എസ് വേഗതയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് ടെലികോം സഹമന്ത്രി മനോജ് സിന്‍ഹ.
ന്യൂസ്18 ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 90,000 കിലോ മീറ്റര്‍ ദൂരത്തില്‍ ഒപ്ടികല്‍ ഫൈബര്‍ കേബിള്‍ ശൃഖലയുണ്ട്. 2018ല്‍ എല്ലാ പഞ്ചായത്തുകളിലും വേഗത കൂടിയ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും സിന്‍ഹ പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അറിയിച്ചു. മുഴുവന്‍ കുടുംബങ്ങള്‍ക്കും 15 എം.ബി.പി.എസ് വേഗതയില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് നായിഡു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം യു.എസിനെ പിന്നിലാക്കി ഏറ്റവും കൂടുതല്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.
ഇന്റര്‍നെറ്റ് കണക്ടിവിറ്റ് രംഗത്ത് വന്‍സാധ്യതയാണ് ഇന്ത്യയില്‍ ആഗോള കമ്പനികള്‍ കാണുന്നത്. ഗൂഗിള്‍ ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം ആരംഭിച്ചിരുന്നു. സൗജന്യ ഇന്റര്‍നെറ്റ് സേവനം അവതരിപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ പദ്ധതി സര്‍ക്കാരിന്റെ എതിര്‍പ്പ് മൂലം നടന്നിരുന്നില്ല.