പാരിസ്: സ്‌കൂളില്‍ ചേരേണ്ട പ്രായത്തിലുള്ള 13.2 കോടി ആണ്‍കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്താണെന്ന് യുനെസ്‌കോ. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കവെ തന്നെയാണ് ഈ കണക്കുകള്‍ അതിശയിപ്പിക്കുന്നത്.
പ്രൈമറി തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ ആണ്‍കുട്ടികള്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നതായാണ് യുനെസ്‌കോ പഠനം വ്യക്തമാക്കുന്നത്
ആഗോളതലത്തില്‍ 100 സ്ത്രീകള്‍ക്ക് 88 പുരുഷന്മാര്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസത്തില്‍ എത്തുന്നത്. 73 രാജ്യങ്ങളില്‍, പെണ്‍കുട്ടികളേക്കാള്‍ കുറച്ച് ആണ്‍കുട്ടികളാണ് അപ്പര്‍-സെക്കന്‍ഡറി വിദ്യാഭ്യാസത്തിലുള്ളത്.
പെണ്‍കുട്ടികള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് ആണ്‍കുട്ടികളാണ്. ബാലവേലയും ദാരിദ്ര്യവും ആണ്‍കുട്ടികള്‍ ജോലിക്ക് പോയി കുടുംബം നോക്കണമെന്ന പരമ്പരാഗത ചിന്തയുമെല്ലാമാണ് കാരണം. 2020-ല്‍ തൊഴില്‍ മേഖലയിലുള്ള 160 ദശലക്ഷം കുട്ടികളില്‍ 97 ദശലക്ഷം ആണ്‍കുട്ടികളാണെന്നും യുനെസ്‌കോ പഠന റിപ്പോര്‍ട്ടിലുണ്ട്.
ലാറ്റിനമേരിക്ക, കിഴക്കന്‍ ഏഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ആണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലുള്ളതെന്നും യുനെസ്‌കോ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ തടസ്സമാകുന്ന സാമൂഹിക മാനദണ്ഡങ്ങള്‍, ലിംഗ അസമത്വങ്ങള്‍ തുടങ്ങിയവ തിരിച്ചറിയപ്പെടണം. ഇതിനായി ഇത്തരം വിഷയങ്ങളിലെ വിമര്‍ശനാത്മക സമീപനം ഉള്‍പ്പെടുന്ന ലിംഗ പാഠ്യപദ്ധതികളും പ്രവര്‍ത്തനങ്ങളും സ്‌കൂളുകളില്‍ ഒരുക്കണം. ഒപ്പം സ്‌കൂളുകളില്‍ കുട്ടികളുടെ പ്രവേശനം വര്‍ധിപ്പിച്ചും ലിംഗസമത്വം കൈവരിക്കണം. പഠന സൗകര്യങ്ങള്‍ അനുവദിക്കുക മാത്രമല്ല, ശാരീരിക ശിക്ഷ നിരോധിക്കുകയും സ്‌കൂളുകളിലെ അക്രമ സംഭവങ്ങള്‍ ഒഴിവാക്കുകയും വേണമെന്നും യുനെസ്‌കോ പഠന റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ സ്ഥിതി ഇങ്ങനെ
ലോവര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടുന്നതില്‍ ആണ്‍കുട്ടികളുടെ പോരായ്മ ഇന്ത്യയിലും ഉയര്‍ന്നുവന്നിട്ടുണ്ട്.
2000-ല്‍, ഇന്ത്യയിലെ ഓരോ 100 ആണ്‍കുട്ടികള്‍ക്കും 85 പെണ്‍കുട്ടികള്‍ ലോവര്‍ സെക്കന്‍ഡറി തലത്തില്‍ പ്രവേശനം നേടി. 2015 ആയപ്പോഴേക്കും സ്ഥിതി വിപരീതമായി, ഓരോ 100 പെണ്‍കുട്ടികള്‍ക്കും 94 ആണ്‍കുട്ടികള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ, 2019 ല്‍ ഇത് 100 പെണ്‍കുട്ടികള്‍ക്ക് 96 ആണ്‍കുട്ടികള്‍ എന്ന നിലയിലാണ്.