ന്യൂഡല്‍ഹി:രാമസേതു മനുഷ്യനിര്‍മിതമോ, അതോ പ്രകൃതിദത്തമോ എന്നറിയാനുള്ള സമുദ്ര ഗവേഷണവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.
ഗവേഷണം നടത്തുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചാണ് (ഐസിഎച്ച്ആര്‍).
ഇതിനായി, സമുദ്രസംബന്ധിയായ പുരാവസ്തു- ജലാന്തര പര്യവേക്ഷണ വിഭാഗത്തിലെ 20 ഓളം ഗവേഷകര്‍ രണ്ടാഴ്ചത്തെ പരിശീലനത്തില്‍ ഏര്‍പ്പെടും. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളൊന്നും പദ്ധതിക്ക് ഇല്ലെങ്കിലും ഐസിഎച്ച്ആര്‍ ഈ പഠനത്തിനായി കേന്ദ്രസര്‍ക്കാരിനോട് ധനസഹായം അഭ്യര്‍ഥിക്കും.
റിമോട്ട് സെന്‍സിങ് പഠനങ്ങളില്‍ നിന്നും മറ്റ് പഠന റിപ്പോര്‍ട്ടുകളില്‍ നിന്നും രാമസേതുവിനെ കുറിച്ച് ലഭിച്ചിരിക്കുന്ന അറിവുകളില്‍ പലതും പരസ്പരവിരുദ്ധമാണ്, ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ പ്രൊഫ. എസ്. സുദര്‍ശന്‍ റാവു ചൂണ്ടിക്കാട്ടുന്നു. ഇനി ഞങ്ങള്‍ക്കു വേണ്ടത് വസ്തുതാപരമായ തെളിവുകളാണ്. അതിനാലാണ് ഇങ്ങനൊരു പര്യവേക്ഷണം ആരംഭിക്കുന്നതെന്നു റാവു പറഞ്ഞു.
2002-ലെ നാസയുടെ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് രാമസേതു മനുഷ്യനിര്‍മിതമാണെന്ന വാദം ഉയര്‍ന്നിരുന്നു.
അതേസമയം 2003-ല്‍ ഭാരതിദാസന്‍ സര്‍വകലാശാല, സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിങ് വിഭാഗത്തിന്റെ പഠനപ്രകാരം, രാമാനന്തപുരം-പാമ്പന്‍ ഭാഗത്തെ കടല്‍ത്തീരങ്ങളിലെ കാര്‍ബണ്‍ ഡേറ്റിങ് പഠനം രാമായണവുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിഹാസവുമായി രാമസേതുവിന് ബന്ധമുണ്ടോ എന്ന വസ്തുത പരിശോധിക്കണമെന്ന ആവശ്യം അന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. എസ്. എം. രാമസ്വാമി ഉന്നയിച്ചിരുന്നു.
എന്നാല്‍ 2007-ല്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാമസേതുവിന് രാമായണവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിട്ടുണ്ടായിരുന്നു.