ന്യൂഡല്‍ഹി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് തേടി.
സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രവീഷ് കുമാറിനോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
ബംഗളുരുവില്‍നിന്ന് ഐസ്ലന്‍ഡിലേക്കു പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിയോടാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ദുരനുഭവം നേരിടേണ്ടിവന്നത്. നാലു വയസുകാരന്‍ മകന്റെ മുന്നിലാണ് ഉദ്യോഗസ്ഥര്‍ യുവതിയോടു വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടത്. ബോഡി സ്‌കാനിംഗിനുശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ ഈ ആവശ്യം. എന്നാല്‍ തൊട്ടുപിന്നാലെ യുവതിയുടെ ഐസ്ലന്‍ഡ് സ്വദേശിയായ ഭര്‍ത്താവ് എത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിക്കാനുള്ള ആവശ്യത്തില്‍നിന്നു പിന്‍മാറി.
തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫേസ്ബുക്കില്‍ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. യാതൊരു വിശദീകരണവും നല്‍കാതെയായിരുന്നു തന്നെ മാത്രം പരിശോധിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമെന്നും യുവതി ആരോപിക്കുന്നു.
അടുത്തിടെ തനിക്ക് ഉദരത്തില്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞതായി ഉദ്യോഗസ്ഥരോടു പറയുകയും അതിന്റെ രേഖകള്‍ കാണിക്കുകയും ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ ഒരു പരിഗണനയും നല്‍കിയില്ലെന്ന് യുവതി ഫേസ്ബുക്കില്‍ കുറിച്ചു.