ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധന മന്ത്രിയുമായ പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് സിബിഐ സുപ്രിം കോടതിയില്‍.
അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
എയര്‍സെല്‍മാക്‌സിസ് ഇടപാടിന് ഫോറീന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് 2006ല്‍ അനുമതി നല്‍കുമ്പോള്‍ പി ചിദംബരമായിരുന്നു ധനമന്ത്രി. തുടക്കത്തില്‍ അനുമതി നല്‍കാതെ ഇടപാട് വൈകിപ്പിച്ച എഫ്‌ഐപിബി പിന്നീട് അനുമതി നല്‍കി. ഇതിന് ശേഷം ചിദംബരത്തിന്റെ മകന്‍ കീര്‍ത്തി ചിദംബരത്തിന് മാക്‌സിസ് കമ്പനിയില്‍ ആറ് ശതമാനം ഓഹരി ലഭിച്ചുവെന്നും ബിജെപി നേതാവ് സുബ്രമണ്യം സ്വാമി സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
വിഷയത്തില്‍ സുപ്രിം കോടതി നേരത്തെ സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നോട്ടീസയച്ചിരുന്നു. ഇടപാടിന് അനുമതി നല്‍കിയ ഏഫ്‌ഐപിബി തീരുമാനം അന്വേഷണ പരിധിയിലാണെന്ന് സിബിഐ ഇന്ന് കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ കമ്പനിയുടെ മുഴുവന്‍ ഓഹരികളും വിദേശ കമ്പനിക്ക് വില്‍ക്കാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെ ഇടപാടിന് അനുമതി നല്‍കിയ എഫ്പിഐബി നിയമപരമല്ലെന്നറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്റ്റാറ്റസ് റിപ്പോര്‍ട്ടും നല്‍കി. ഇതോടെയാണ് പി ചിദംബരത്തിലേക്കും, മകനിലേക്കും അന്വേഷണം നീളുന്നതിന്റെ സൂചനകള്‍ പുറത്ത് വന്നത്. സുബ്രമണ്യം സ്വാമിയുടെ ഹരജി തുടര്‍ വാദത്തിനായി മെയ് 2ന് വീണ്ടും പരിഗണിക്കും.