നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് 136 എംഎല്‍എമാര്‍

തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം. 136 എംഎല്‍എമാര്‍ ഇന്ന് പ്രോ ടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി വി അബ്ദുറഹമാന്‍ അടക്കം മൂന്ന് പേര്‍ക്ക് ഇന്ന് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാന്‍ ആയില്ല. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 28ന് നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷിനെതിരെ കോണ്‍ഗ്രസ് പി സി വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വളളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. താനൂരില്‍ നിന്ന് വിജയിച്ച മന്ത്രി വി അബ്ദുറഹമാന്‍, നെന്മാറയില്‍ നിന്ന് ജയിച്ച കെ ബാബു, കോവളത്ത് നിന്ന് വിജയിച്ച എ വിന്‍സന്റ് എന്നിവര്‍ക്ക് ആരോഗ്യപ്രശ്‌നം മൂലം ഇന്ന് സത്യപ്രതിജ്ഞക്ക് ഹാജരായില്ല.

മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് കന്നടയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പാലാ എംഎല്‍എ മാണി സി കാപ്പന്‍ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ടിപിയുടെ ചിത്രമുള്ള ബാഡ്ജണിഞ്ഞാണ് വടകര എംഎല്‍എ കെ കെ രമ സഭയിലെത്തിയത്. കെ കെ രമയടക്കം 53 പുതുമുഖങ്ങളാണ് ഇക്കുറി സഭയിലേക്ക് വിജയിച്ച് കയറിയത്.

 

Top