ന്യൂഡല്‍ഹി: പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്ത ഭീകരരുടെ ലോഞ്ച് പാഡുകള്‍ വീണ്ടും സജീവമായതായി റിപ്പോര്‍ട്ട്.
ബാരാമുള്ളയില്‍ സൈന്യത്തിന്റെ 19ാം ഡിവിഷന്‍ തലവന്‍ മേജര്‍ ജനറല്‍ ആര്‍.പി. കാലിത ദേശീയ മാധ്യമമായ എന്‍ഡിടിവിയോടു പറഞ്ഞു. അതിര്‍ത്തിയില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുകയാണ്.
മിന്നലാക്രമണത്തെത്തുടര്‍ന്നു കുറച്ചുകാലം ഭീകരരുടെ ലോഞ്ച്പാഡുകള്‍ സജീവമായിരുന്നില്ല. പിന്നീടു ശൈത്യകാലത്ത് അവ വീണ്ടും സജീവമായതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തന്റെ കീഴില്‍ വരുന്ന മേഖലയിലെ എല്ലാ ലോഞ്ച്പാഡുകളും സജീവമാണെന്നാണ് വിവരമെന്നും കാലിത അറിയിച്ചു.
കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖയിലെ 100 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന മേഖല ഇദ്ദേഹത്തിനു കീഴിലാണ്. ഒന്‍പതോ പത്തോ ലോഞ്ച്പാഡുകളാണ് ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നത്. ചെറിയ കുടിലോ എടുത്തുമാറ്റാവുന്ന ടെന്റുകളോ ആയിരിക്കും ലോഞ്ച് പാഡുകളായി പ്രവര്‍ത്തിക്കുക. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനായി അവസരം കാത്തിരിക്കുന്ന ഭീകരരാണു ലോഞ്ച്പാഡിലുണ്ടാവുക.
2016 സെപ്റ്റംബര്‍ 25ന് രാത്രിയിലാണ് ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരിലെത്തി ഭീകരരുടെ ലോഞ്ച്പാഡുകളില്‍ മിന്നലാക്രമണം നടത്തി തിരിച്ചെത്തിയത്. ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് മിന്നലാക്രമണം നടത്താന്‍ ഇന്ത്യ തീരുമാനിക്കുന്നത്. ഉറി ഭീകരാക്രമണത്തില്‍ 19 സൈനികരുടെ ജീവനാണ് ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത്.