ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രജൗറി ഗാര്‍ഡന്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചു.
14000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മഞ്ജിന്ദര്‍ സിങ് സിര്‍സ വിജയിച്ചത്.
സിറ്റിങ് സീറ്റില്‍ എ.എ.പി ദയനീയ തോല്‍വി ഏറ്റുവാങ്ങി. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ആപ്പിന്റെ സ്ഥാനാര്‍ഥി ഹര്‍ജീത് സിങ്ങിന് കെട്ടിവച്ച തുക നഷ്ടമായി.
10243 (14 ശതമാനം) വോട്ട് മാത്രമാണ് എ.എ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മീനാക്ഷി ഛണ്ഡേലയാണ് രണ്ടാം സ്ഥാനത്ത്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ജര്‍ണയില്‍ സിങ് രാജിവെച്ച് പഞ്ചാബില്‍ മത്സരിക്കാന്‍ പോയതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ശക്തമായ ത്രികോണമത്സരം നടന്നിട്ടു പോലും വെറും 47 ശതമാനം പോളിങ് മാത്രമായിരുന്നു മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഈമാസം 23ന് ഡല്‍ഹിയില്‍ വാശിയേറിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതിരഞ്ഞെടുപ്പ് തോല്‍വി ആപ്പിന് കനത്ത തിരിച്ചടിയാകും.
അതേസമയം മറ്റ് മൂന്നിടത്തു കൂടി ബി.ജെ.പി വിജയം കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ബൊരാഞ്ചില്‍ ബി.ജെ.പിയുടെ അനില്‍ ധിമാനും അസമിലെ ദെമാലി മണ്ഡലത്തില്‍ റോനോജ് പെഗുവും മധ്യപ്രദേശിലെ ബന്ദാവ്ഗഢില്‍ ശിവനാരായണ്‍ സിങുമാണ് വിജയിച്ചത്