പ്യോങ്യാങ്: യു.എസ് പ്രകോപനം തുടര്‍ന്നാല്‍ എപ്പോള്‍ വേണമെങ്കിലും ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ.
തങ്ങളുടെ ആണവായുധങ്ങള്‍ കേവലമൊരു മിഥ്യയല്ലെന്നും യു.എസ് ആക്രമണം ചെറുക്കാന്‍ സൈന്യം സജ്ജമാണെന്നും ഉത്തര കൊറിയന്‍ ഉപ വിദേശകാര്യമന്ത്രി സിങ് ഹോങ് ചോല്‍ പറഞ്ഞു.
യു.എസിന്റെ ഏകാധിപത്യ ഭരണകാലം അവസാനിച്ചു. തങ്ങള്‍ക്കു മീതെ ആരെങ്കിലും വളരുമെന്നു കണ്ടാല്‍പിന്നെ അവര്‍ക്കെതിരെ സാമ്പത്തികസൈനിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് യു.എസിന്റെ രീതി. ഒബാമ ഭരണകൂടം ഉത്തര കൊറിയക്കെതിരെ പലപ്പോഴും പരീക്ഷിച്ച് പരാജയപ്പെട്ടതാണിത്. ഇത്തരം ഭീഷണികള്‍ നിലനില്‍ക്കില്ലെന്ന് ഒടുവില്‍ അവര്‍ക്കുതന്നെ മനസ്സിലായെന്നും സിന്‍ വ്യക്തമാക്കി.
ഉത്തര കൊറിയക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ദാക്ഷിണ്യമില്ലാത്ത തിരിച്ചടിയായിരിക്കും നല്‍കുക. അമേരിക്കന്‍ ഡോളറുകള്‍ ഉപയോഗിച്ച് വാങ്ങാവുന്ന ആയുധങ്ങളല്ല തങ്ങളുടെ കൈവശമുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. യു.എസ് സൈനികനീക്കത്തിനൊരുങ്ങുകയാണെങ്കില്‍ യുദ്ധമായിരിക്കും അനന്തരഫലം. അടുത്തയാഴ്ച വീണ്ടും മിസൈല്‍ പരീക്ഷിക്കുമെന്നും സിന്‍ അറിയിച്ചു.
യു.എസിനെ പരീക്ഷിക്കരുതെന്ന് നേരേത്ത വൈസ് പ്രസിഡന്റ് മൈക് പെന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലെത്തിയതായിരുന്നു പെന്‍സ്. അതിനിടെ, കൊറിയന്‍ ഉപഭൂഖണ്ഡത്തെ യുദ്ധസമാന സാഹചര്യത്തിലേക്കു തള്ളിവിടുന്നത് യു.എസാണെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള ഉത്തര കൊറിയയുടെ ഉപ അംബാസഡര്‍ കുറ്റപ്പെടുത്തിയിരുന്നു.