ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ഉമാ ഭാരതിയും രാജസ്ഥാന്‍ ഗവര്‍ണ്ണര്‍ കല്യാണ്‍ സിങ്ങും ഭരണഘടനാ പദവികള്‍ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.
1992 ലെ ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയെ ഡിവൈഎഫ്‌ഐ സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നുവെന്നും വിധി വൈകി വന്നതില്‍ വേദനയുണ്ടെന്നും മുഹമ്മദ് റിയാസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
എല്‍.കെ അദ്വാനി. മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ക്കെതിരെ സുപ്രീംകോടതി ഗൂഡാലോചന കുറ്റം ചുമത്തുകയും കേസിന്റെ വിചാരണയ്ക്ക് രണ്ടുവര്‍ഷത്തെ സമയപരിധി നിശ്ചയിക്കുകയും ചെയ്തു.
ആയിരത്തോളം മനുഷ്യജീവിതങ്ങളെ ബാധിച്ച ഒരു കലാപമായിരുന്നു ബാബറി മസ്ജിദ് കേസ്.2001ല്‍ പ്രത്യേക സിബിഐ കോടതി എടുത്ത്മാറ്റിയ സംഘപരിവാര്‍ നേതാക്കന്‍മാര്‍ക്ക് എതിരെയുള്ള കേസുകളും സുപ്രീംകോടതി പുനസ്ഥാപിച്ചു.
നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ലക്‌നൗ കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുമെന്നാണ് ഡിവൈഎഫ്‌ഐ സെന്‍ഡ്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രതീക്ഷയെന്ന് മുഹമ്മദ് റിയാസ് പറയുന്നു.