കിളിമാനൂര്‍: പളളിക്കല്‍ വല്ലഭംകുന്നില്‍ 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഒരുവിഭാഗം കൈയേറിയതിനെ തുടര്‍ന്ന് സംഘര്‍ഷം.
മണ്ണെണ്ണയും തീപ്പന്തവുമായി കൈയേറ്റക്കാരുടെ ആത്മഹത്യാ ഭീഷണിക്ക് മുന്നില്‍ നിസഹായരായി പൊലീസ്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട ഇരുന്നൂറോളം പേരാണ് വല്ലഭം കുന്നില്‍ കൈയേറ്റം നടത്തിയത്.
പ്ലാസ്റ്റിക് ഷീറ്റുകളുപയോഗിച്ച് കുടിലുകള്‍ കെട്ടിയ ഇവര്‍, രാവിലെ വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ മുദ്രാവാക്യം വിളികളുമായി സംഘടിച്ചു.
സ്വന്തമായി ഭൂമിയും വീടുമില്ലാത്ത തങ്ങള്‍ക്ക് വല്ലഭം കുന്നിലെ ഭൂമി പതിച്ചുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
ഭൂമി പതിച്ചുനല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച ഇവര്‍ അറസ്റ്റ് ചെയ്യാനോ ബലം പ്രയോഗിക്കാനോ പൊലീസ് തയ്യാറായാല്‍ ആത്മഹത്യ ചെയ്യാനായി മണ്ണെണ്ണ ശരീരത്തൊഴിച്ച് തീകൊളുത്താനും മരത്തില്‍ തൂങ്ങിമരിക്കാനും തയ്യാറായി നില്‍ക്കുകയാണ്.
ഭൂമികൈയ്യേറ്റമറിഞ്ഞ് വര്‍ക്കല എം.എല്‍.എ അഡ്വ. ജോയി, പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍. വിവിധരാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരും തഹസീല്‍ദാരുള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇവരും സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലും പരിഹാരമുണ്ടായിട്ടില്ല. ഭൂമി പതിച്ചുനല്‍കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടിലാണ് സമരക്കാര്‍.
പളളിക്കല്‍ പഞ്ചായത്തില്‍ സ്വന്തമായി വീടില്ലാത്ത 79 ഓളം കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ് വല്ലഭം കുന്ന് കയ്യേറ്റം പഞ്ചായത്ത് ഭരണ സമിതിക്ക് പുതിയ തലവേദനയായത്.
ജില്ലാ പൊലീസ് സൂപ്രണ്ട് ഷെഫിന്‍ അഹമ്മദ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.