ഹൈദരാബാദ്:ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 14 ആയി. മരിച്ചവരില്‍ പാലസ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാര്‍ഡും ഉള്‍പ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിര്‍ദിശയിലുള്ള ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചു എന്നായിരുന്നു ഒടുവിലെത്തിയ റിപ്പോര്‍ട്ട്. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
റായഗഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പാലസ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവര്‍ ഹെഡ് കേബിള്‍ പൊട്ടിയതിനാല്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്‌സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ആ ബോഗികളില്‍ ഉണ്ടായിരുന്നവര്‍ ആണ് മരിച്ചത്.
സിഗ്‌നല്‍ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. റെയില്‍വേ ഹെല്‌പ്ലൈന്‍ നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെക്കുറിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് റിപ്പോര്‍ട്ട് തേടി.