റിയാദ്: സൗദി അറേബ്യയുടെ 14 ആംബുലന്‍സുകള്‍ ഗസ്സയിലെത്തി.അടിയന്തര ദുരിതാശ്വാസ സഹായ സാമഗ്രികളുമായി സൗദി അറേബ്യയുടെ 25ാമത്തെ വിമാനം ഈജിപ്തിലെ അല്‍ അരിഷിലുമെത്തി. ഫലസ്തീന്‍ ജനതയെ സഹായിക്കാനായി രാജ്യം നടത്തിവരുന്ന ജനകീയ കാമ്പയിനിന്റെ ഭാഗമായാണിത്.
ഗസ്സയിലേക്ക് സൗദി അയക്കാന്‍ തീരുമാനിച്ച 20 ആംബുലന്‍സുകളില്‍ 14 എണ്ണമാണ് ഇപ്പോള്‍ റഫ അതിര്‍ത്തി കടന്ന് ഗസ്സയിലെത്തിയത്. സുപ്രധാന നിരീക്ഷണ ഉപകരണങ്ങള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, പ്രഥമശുശ്രൂഷ കിറ്റുകള്‍, പൊള്ളലേല്‍ക്കുന്നവര്‍ക്കുള്ള ചികിത്സ യൂനിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആംബുലന്‍സുകള്‍.
ഇസ്രായേല്‍ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിനായി സൗദിയില്‍ ആരംഭിച്ച ജനകീയ കാമ്പയിന്‍ തുടരുകയാണ്. കിങ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് ധനസമാഹരണവും സഹായ വിതരണവും നടത്തുന്നത്.