കരുവാരകുണ്ട്: വിവാഹം നടന്ന വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. വാക്കോട് നെല്ലിയത്തുവളപ്പില്‍ ഹാരിസ്(39) ആണ് കരുവാരകുണ്ട് പൊലീസിന്റെ പിടിയിലായത്. മരുതുങ്ങല്‍ കുട്ടത്തി റോഡില്‍ കുട്ടശേരി നിയാസിന്റെ ഭാര്യ ഫിദയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.
കഴിഞ്ഞ 28ന് ആയിരുന്നു നിയാസിന്റെ വിവാഹം. വധുവിന്റെ ആഭരണങ്ങള്‍ ചെറിയ പെട്ടിയിലാക്കി ജനാലയ്ക്ക് അരികിലാണ് വച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 7ന് സല്‍ക്കാരത്തിന് പോകാന്‍ പെട്ടി തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ജനല്‍വഴി മോഷ്ടിച്ച ആഭരണങ്ങള്‍ കിഴക്കേത്തലയില്‍ വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നിയ കടക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.