ആന്ധ്രാപ്രദേശിൽ ട്യൂഷൻ ക്ലാസിലെ 14 കുട്ടികൾക്ക് കോവിഡ് ; അധ്യാപകനെതിരെ നടപടി

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിൽ ട്യൂഷൻ ക്ലാസ്സിലെ 14 കുട്ടികൾക്ക് കോവിഡ് ബാധിച്ചതായി ആരോപണം. ആന്ധ്രാപ്രദേശിലെ ​ഗുണ്ടൂരിലാണ് സംഭവം. ഒരേ സ്ഥലത്ത് ട്യൂഷൻക്ലാസിൽ പങ്കെടുത്തവരാണ് ഈ 14 കുട്ടികളും. 12 വയസ്സിൽ താഴെയുള്ളവരാണ് ഇവരിൽ മിക്ക കുട്ടികളും. കൂടാതെ ചില കുട്ടികളുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ക്ലാസ്സെടുത്തതിന് അധ്യാപകനെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

ട്യൂഷൻ നടത്തിയിരുന്ന അധ്യാപക ദമ്പതികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുണ്ടൂർ സർക്കാർ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചിരുന്നു. മരിച്ചയാളുടെ പ്രദേശത്ത് മറ്റ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. പിന്നീട് 250 പേരിൽ പരിശോധന നടത്തിയപ്പോൾ 39 പേർക്ക് പോസിറ്റീവായിരുന്നു. അവരിൽ 8നും 12 നും ഇടയിൽ പ്രായമുള്ള 14 കുട്ടികൾ എല്ലാവരും ഒരേ ട്യൂഷൻ സെന്ററിൽ പഠിച്ചിരുന്നവരാണ് എന്ന് അധികൃതർ വ്യക്തമാക്കി.

അധ്യാപക ദമ്പതികൾക്കെതിരെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ക്ലാസ് എടുത്തതിനു നടപടി സ്വീകരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ​ഗർഭിണിയായിരുന്ന ഇയാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Top