ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയെങ്കിലും സോണുകള്‍ തിരിച്ച് ഇളവുകളും കടുത്ത നിയന്ത്രണങ്ങളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ മൂന്ന് സോണുകളിലും പൊതുവായി ചിലകാര്യങ്ങള്‍ക്ക് അനുമതിയും നിയന്ത്രണവും ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും 14 കാര്യങ്ങളില്‍ എല്ലാ സോണുകളിലും ഒരുപോലെയാണ് നിയന്ത്രണവും അനുമതിയും നല്‍കിയിരിക്കുന്നത്.
മൂന്ന് സോണുകളിലും ഒരുപോലെയുള്ള നിയന്ത്രണവും അനുമതിയും ഇങ്ങനെ
1. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണി വരെ എല്ലാ സോണുകളിലും യാത്രാനിയന്ത്രണം നിലനില്‍ക്കും
2. ആരാധാനാലയങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാഹാളുകള്‍, മാളുകള്‍, ജിമ്മുകള്‍, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവ എല്ലാ സോണുകളിലും അടഞ്ഞു കിടക്കും
3. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കര്‍ശനമായി നിരോധിച്ചു
4. മാസ്‌ക്ക് വയ്ക്കുന്നത് നിര്‍ബന്ധം
5. രാഷ്ട്രീയവും സാംസ്‌കാരികവുമായ പൊതുപരിപാടികള്‍ ഒന്നും തന്നെ രാജ്യത്ത് എവിടെയും അനുവദിക്കില്ല
6. 65 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസിന് താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും എല്ലാ സോണുകളിലും വീടുകളില്‍ തന്നെ തുടരണം
7. 65 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസിന് താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും ആരോഗ്യസേവനത്തിന് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ
8. പുറത്തു നിന്നും തൊഴിലാളികളെ ആരേയും കൊണ്ടു വരാന്‍ പറ്റില്ല
9. മത്സ്യബന്ധനത്തിന് അനുമതി
10. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അനുവദിക്കും
11. സോണേതായാലും ഹോട്ട് സ്‌പോട്ടുകളില്‍ നിയന്ത്രണം അതീവ കര്‍ശനമായി തുടരും
12. ഏത് സോണിലെയും ഹോട്ട്‌സ്‌പോട്ടുകളിലേക്കുള്ള പ്രവേശനവും മടക്കവും ഒറ്റ വഴിയിലൂടെയായിരിക്കും
13. ഹോട്ട്‌സ്‌പോട്ടുകളില്‍ അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ
14. ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്ളവരെ പുറത്തേക്ക് വിടില്ല. അകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. ജില്ലാ ഭരണകൂടമാണ് ഹോട്ട് സ്‌പോട്ടുകള്‍ നിര്‍ണയിക്കേണ്ടത്