പൊന്‍മുടി ഡാമില്‍ കുളിക്കുന്നതിനിടെ കാല്‍ വഴുതിവീണ് പതിനാലുകാരന് ദാരുണാന്ത്യം

അടിമാലി: പൊന്‍മുടി ഡാമില്‍ സുഹൃത്തുകളോടൊപ്പം കുളിക്കുന്നതിനിടെ കാല്‍ വഴുതിവീണ വിദ്യാര്‍ഥി മരിച്ചു.

പണിക്കന്‍കുടി കൊമ്പിടഞ്ഞാല്‍ മഠത്തില്‍ റോയിയുടെ മകന്‍ ആല്‍ഫ്രഡ്(14) ആണ് മരിച്ചത്. പണിക്കന്‍കുടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും സ്റ്റുഡന്റസ് പോലീസ് കേഡറ്റുമായിരുന്നു.

ചൊവ്വാഴ്ച്ച വൈകുന്നേരം നാലോടെ പൊന്‍മുടി ഡാമിന്റെ മരക്കാനം ഭാഗത്താണ് അപകടമുണ്ടായത്. മൂന്നു സുഹൃത്തുകളോടൊപ്പം ഉച്ചയോടെയാണ് ആല്‍ഫ്രഡ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മരക്കാനം ഭാഗത്തു കുളിക്കുന്നതിനിടെ കാല്‍ തെന്നി കയത്തിലേക്ക് മുങ്ങി പോകുകയായിരുന്നു.

വനപാലകരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ഡാമില്‍ നിന്നും രക്ഷിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌ക്കാരം ബുധനാഴ്ച പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയ വിയാനി പള്ളി സെമിത്തേരിയില്‍ നടക്കും.

Top