ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നേതാക്കള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളായ 14 വയസ്സുകാരിയാണ് വില്ലുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.
സംഭവത്തില്‍ എഐഎഡിഎംകെ നേതാക്കളായ ജി.മുരുകന്‍, കെ.കാളിയപെരുമാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് ഇരുവരും വീട്ടിലെത്തി പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. വീടിന് മുന്നില്‍ ചെറിയ കട നടത്തുന്നയാളാണ് പെണ്‍കുട്ടിയുടെ പിതാവ്. സംഭവസമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. കട തുറന്ന് സാധനം നല്‍കാത്തതിനാലാണ് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്നും മറ്റുചില പ്രശ്‌നങ്ങളാണെന്നുമാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍.
അതേസമയം, കേസില്‍ അറസ്റ്റിലായവര്‍ എട്ട് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ പിതൃസഹോദരനെ ആക്രമിച്ച കേസിലും പ്രതികളായിരുന്നു. ഈ കേസില്‍ പ്രതികളായ എട്ടുപേരും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതുസംബന്ധിച്ച വൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയില്‍ നിന്ന് കഴിഞ്ഞദിവസം മജിസ്‌ട്രേറ്റ് മൊഴിയെടുത്തിരുന്നു. പ്രതികളായ രണ്ടുപേരും തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.