ഭോപ്പാല്‍: മധ്യപ്രദേശില്‍ നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 14 വയസ്സുകാരനെ രണ്ട് വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കാന്‍ ജുവനൈല്‍ ബോര്‍ഡ് വിധിച്ചു. വെറും അഞ്ച് ദിവസം കൊണ്ടാണ് കേസിന്റെ എല്ലാ നടപടികളും പൂര്‍ത്തിയായത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെ ജസ്റ്റിസ് തൃപ്തി പാണ്‌ഡേയുടേതാണ് വിധി.
ഓഗസ്റ്റ് 15നാണ് പീഡനം നടക്കുന്നത്. ഇന്നലെ രാവിലെ 10.45നാണ് കേസ് ഡയറി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. വൈകിട്ട് 6മണി ആയപ്പോഴേയ്ക്കും വിധി പ്രസ്ഥാവിച്ചു.
2012ല്‍ പോക്‌സോ നിയമം നിലവില്‍ വന്നതിനു ശേഷം വന്ന പീഡനക്കേസില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ വിധി വന്ന കേസ് ഇതായിരിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ദീപേന്ദ്ര മാലു പറഞ്ഞു.
സമൂഹത്തില്‍ പീഡനശ്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്നും ചെറിയ കുട്ടികള്‍ പോലും ഇതിന് തുനിയുന്നതായും കോടതി നിരീക്ഷിച്ചു. പ്രതിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കൗണ്‍സിലിംഗ് അടക്കമുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.