ചൈനീസ് പൗരനുള്‍പ്പെട്ട 1400 കോടിയുടെ തട്ടിപ്പ്: ധവളപത്രം ഇറക്കണമെന്ന് കോണ്‍ഗ്രസ്

ദില്ലി: വാതുവെപ്പ് ആപ്പുപയോഗിച്ച് ഗുജറാത്തിലെ 1200-ഓളം പേരെ കബളിപ്പിച്ച് ചൈനീസ് പൗരന്‍ 1400 കോടി രൂപ തട്ടിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോണ്‍ഗ്രസ്. ഇന്ത്യക്കാരെ കൊള്ളയടിച്ച് രാജ്യം വിടുന്ന ചൈനീസ് തട്ടിപ്പുകാര്‍ക്കുനേരെയല്ല, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് പാര്‍ട്ടിവക്താവ് പവന്‍ ഖേര പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഫുട്ബോള്‍ വാതുവെപ്പ് ആപ്പ് ഉപയോഗിച്ച് ഗുജറാത്തില്‍നിന്ന് ഒമ്പതുദിവസംകൊണ്ട് 1400 കോടി രൂപ തട്ടിച്ച് വൂ ഉയാന്‍ബെ എന്ന ചൈനക്കാരന്‍ രാജ്യംവിട്ടെന്നാണ് തെളിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കോ ഇത് തടയാനായില്ല. ബി.ജെ.പി. ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ പോലീസ് ‘ഡാനി ഡേറ്റ ആപ്പ്’ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതുമൂലം ആപ്പ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നതിനുമുമ്പ് സാധാരണക്കാര്‍ ചതിക്കപ്പെട്ടതായി ഖേര പറഞ്ഞു.

‘ഡാനി ഡേറ്റ ആപ്പ്’ സ്‌പോണ്‍സര്‍ചെയ്ത ‘സ്‌നേഹസംഭാവന’ ബാനറുകളുമായി യു.പി. പോലീസ് നില്‍ക്കുന്ന ചിത്രവും പവന്‍ ഖേര പ്രദര്‍ശിപ്പിച്ചു. 2020-22 കാലഘട്ടത്തില്‍ ചൈനീസ് ടെക്കി ഇന്ത്യയില്‍ തങ്ങി വ്യാജ ഫുട്ബോള്‍ വാതുവെപ്പ് ആപ്പുണ്ടാക്കി ഗുജറാത്തിലെ ബനസ്‌കന്ധ, പഠാന്‍ മേഖലകളിലെ സാധാരണക്കാരില്‍നിന്നും ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍നിന്നും കോടികളാണ് തട്ടിയത്. മോദിയും അമിത് ഷായും പ്രതിപക്ഷനേതാക്കളെ ലക്ഷ്യമിട്ട് ഏജന്‍സികളെ ഉപയോഗിക്കുമ്പോള്‍ ഇന്ത്യക്കാരെ കൊള്ളയടിച്ച് ചൈനക്കാര്‍ രക്ഷപ്പെടുകയാണ്. സത്യം പുറത്തുകൊണ്ടുവരാനും എത്ര പേര്‍ കബളിപ്പിക്കപ്പെട്ടെന്നും ആരുമായി ബന്ധപ്പെട്ട അഴിമതിക്കാരനാണെന്നും കണ്ടെത്താന്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്‌സി, ഇപ്പോള്‍ ചൈനീസ് പൗരന്‍ എന്നിവരുടെ തുടര്‍ച്ചയായ രക്ഷപ്പെടലാണ് നടന്നത്. മോദി സര്‍ക്കാര്‍ പൊതുപണത്തിന്റെ കാവല്‍ക്കാരല്ല, മറിച്ച് വഞ്ചന സുഗമമാക്കുന്ന ട്രാവല്‍ ഏജന്‍സിയാണെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് ഖേര ആരോപിച്ചു.

Top