ന്യൂഡല്‍ഹി: മോശം ട്വീറ്റുകള്‍ നടത്തിയതിന്റെ പേരില്‍ ബോളിവുഡ് ഗായകന്‍ അഭിജിത് ഭട്ടാചാര്യയ്ക്കും ബിജെപി എംപി പരേഷ് റാവലിനുമെതിരെ നടപടിയുമായി ട്വിറ്റര്‍.
തുടര്‍ച്ചയായി സ്ത്രീകളടക്കമുള്ളവര്‍ക്കെതിരായി മോശം ട്വീറ്റുകള്‍ നടത്തിയതിന്റെ പേരില്‍ അഭിജിത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കുകയും അരുന്ധതി റോയിക്കെതിരായി പരേഷ് റാവല്‍ നടത്തിയ ട്വീറ്റ് ഡിലീറ്റ് ചെയ്യാനും ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി നേതാവ് ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിലായത് സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ഷഹല റാഷിദിനെ അപമാനിക്കുന്ന തരത്തില്‍ അഭിജീത് ട്വീറ്റ് ചെയ്തു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശമുയര്‍ന്നിരുന്നു. അഭിജീതിന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തതായും അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായും ചൂണ്ടിക്കാട്ടി ഷഹല റാഷിദ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
സ്ത്രീകള്‍ക്കെതിരായി ലൈംഗിക ചുവയുള്ള, അപകീര്‍ത്തികരമായ ട്വീറ്റുകള്‍ നടത്തിയതിന് മുന്‍പും അഭിജീത് നടപടികള്‍ നേരിട്ടിട്ടുണ്ട്.
കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പില്‍ കെട്ടിയിട്ടതിനെ ഓര്‍മിപ്പിച്ചുകൊണ്ട് കശ്മീരിലെ കല്ലേറുകാരനു പകരം അരുന്ധതി റോയിയെയാണ് ജീപ്പില്‍ കെട്ടിയിടേണ്ടത് എന്നായിരുന്നു പരേഷ് റാവലിന്റെ വിവാദമായ ട്വിറ്റര്‍ പോസ്റ്റ്.
അരുന്ധതി റോയിക്കെതിരായ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ട്വിറ്റര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.