ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത മന്ത്രിയോട് വിശദീകരണം ചോദിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത മന്ത്രിയോട് വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഉത്തര്‍പ്രദേശ് കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ലഖ്നൗവിലെ ഒരു ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് മുഖ്യമന്ത്രി വിശദീകരണം ആരാഞ്ഞത്.

സ്വാതി സിങ് രണ്ട് മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍മാര്‍ക്കൊപ്പം ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പ്രചരിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ആദിത്യനാഥ് സ്വാതി സിങ്ങിനോട് വിശദീകരണം ചോദിച്ചതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.

ചിത്രം പ്രചരിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയായ ബിജെപിയുടെ വൈരുദ്ധ്യങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതി. മദ്യത്തിനെതിരായി ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സമരരംഗത്തിറങ്ങുമ്പോഴാണ് മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തതെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി ആരോപിച്ചു.

സംഭവത്തിനെതിരായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ കയ്യിലെടുക്കും വിധത്തില്‍ സംസാരിക്കാന്‍ മാത്രമേ ബിജെപിക്ക് അറിയൂ. നേതാക്കള്‍ മദ്യനിരോധനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മന്ത്രി മദ്യശാല ഉദ്ഘാടനം ചെയ്യാന്‍ പോവുകയാണ്. ലൈസന്‍സുള്ള ബിയര്‍ പാര്‍ലര്‍ ആണോ മന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് പരിശോധിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപാഠി ആവശ്യപ്പെട്ടു.

എന്നാല്‍, സംസ്ഥാനത്ത് മദ്യം നിരോധിച്ചിട്ടില്ലെന്നും മന്ത്രി ചെയ്തത് നിയമവിരുദ്ധമായ ഒരു കാര്യമല്ലെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബിയര്‍പാര്‍ലറെന്നും സ്ത്രീ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി പാര്‍ലറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Top