ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി. ദിനകരന് ജാമ്യം. സഹായി മല്ലികാര്‍ജുനനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
അഞ്ചു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. ഇരുവരുടെയും പാസ്‌പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.
ഏപ്രില്‍ 17നാണ് ദിനകരന്‍ പൊലീസ് പിടിയിലാകുന്നത്. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനിലക്കാരന്‍ വഴി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്തു എന്നതാണ് കേസ്.
ശശികല-പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. ശശികല പക്ഷത്തിന് വേണ്ടിയായിരുന്നു ദിനകരന്‍ ചിഹ്നത്തിനായി കോഴ നല്‍കാന്‍ ശ്രമിച്ചത്.
ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിനകരന്‍. സുകേഷ് ചന്ദ്രശേഖര്‍ എന്നയാള്‍ ഹൈക്കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദിനകരന് രണ്ടില ചിഹ്നം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.