15 ലക്ഷം യൂണിറ്റ് പിന്നിട്ട് വാഗന്‍ ആര്‍ വില്‍പ്പന

ആഭ്യന്തര വിപണിയിലെ മൊത്തം വില്‍പ്പന 15 ലക്ഷം യൂണിറ്റ് പിന്നിട്ട് മാരുതി സുസുക്കിയുടെ വാഗന്‍ ആര്‍. രണ്ടായിരത്തില്‍ അരങ്ങേറിയ ‘വാഗന്‍ ആറിന്റെ സ്ഥാനം ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന അഞ്ചു കാറുകള്‍ക്കൊപ്പമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,56,300 ‘വാഗന്‍ ആര്‍ ആണു മാരുതി സുസുക്കി വിറ്റത്. ഇക്കൊല്ലം ഇതുവരെയുള്ള വില്‍പ്പന 93,000 യൂണിറ്റ് പിന്നിട്ടു. കമ്പനി പുറത്തുവിട്ട കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.

സ്ഥലസൗകര്യം, യാത്രാസുഖം, സംവിധാനങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്നാണു ‘വാഗന്‍ ആറിനെ സ്മാര്‍ട് ഉപയോക്താക്കളുടെ ഇഷ്ടവാഹനമാക്കിയതെന്നു മാരുതി സുസുക്കി വൈസ് പ്രസിഡന്റ്(മാര്‍ക്കറ്റിങ്) മനോഹര്‍ ഭട്ട് അവകാശപ്പെട്ടു. ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായി കാറില്‍ നിരന്തരം നടപ്പാക്കിയ പരിഷ്‌കാരങ്ങളും വിജയകരമായ വിപണന തന്ത്രങ്ങളുമെല്ലാം ‘വാഗന്‍ ആറിന്റെ കുതിപ്പിനു കരുത്തായെന്നു മാരുതി സുസുക്കി കരുതുന്നു.

2010 -11ല്‍ സമ്മര്‍ദിത പ്രകൃതി വാതകം(സി എന്‍ ജി) ഇന്ധനമാക്കുന്ന ‘വാഗന്‍ ആര്‍ അവതരിപ്പിച്ചതും കമ്പനിക്കു നേട്ടമായി. ഡല്‍ഹിയും മുംബൈയും പോലുള്ള നഗരങ്ങളില്‍ മൊത്തം ‘വാഗന്‍ ആര്‍ വില്‍പ്പനയുടെ പകുതിയും സി എന്‍ ജി വകഭേദത്തില്‍ നിന്നാണ്.

മാരുതി സുസുക്കിയുടെ ചെറുകാറുകള്‍ ലക്ഷക്കണക്കിനു യൂണിറ്റിന്റെ വില്‍പ്പന കൈവരിക്കുന്നതു പുതുമയല്ല. ഈ വര്‍ഷം ആദ്യമാണു കോംപാക്ട് വിഭാഗത്തില്‍പെട്ട ‘ഓള്‍ട്ടോ വില്‍പ്പന 25 ലക്ഷം യൂണിറ്റ് പിന്നിട്ടത്. ഇതിനു മുമ്പ് മാരുതിയുടെ ആദ്യ മോഡലായ ‘മാരുതി 800 മാത്രമാണ് വില്‍പ്പനയില്‍ കാല്‍ കോടി യൂണിറ്റോളമെത്തിയത്. ഈ കാറിന്റെ വില്‍പ്പനയാവട്ടെ കഴിഞ്ഞ ജനുവരിയോടെ മാരുതി സുസുക്കി അവസാനിപ്പിക്കുകയും ചെയ്തു.

Top