മഞ്ചേശ്വരത്ത് നിന്നും 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി എക്‌സൈസ് സംഘം

MONEY

കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടയിലാണ് ബസില്‍ കടത്തിയ 15 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടിയത്. റിയല്‍ എസ്റ്റേറ്റ് മാഫിയ ആണ് പണം കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂര്‍ ചെങ്ങളായി ചേരമൂലയിലെ മുഹമ്മദ് കുഞ്ഞി എന്ന ആളില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. കര്‍ണാടക ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മംഗളൂരു കങ്കനാടിയില്‍ നിന്നും ഒരാള്‍ തളിപ്പറമ്പുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ അയ്യൂബിന് നല്‍കാന്‍ കൊടുത്തതെന്നാണ് പറഞ്ഞത്.

എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബി മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ലഹരി ഗുളികകളും ഒന്നര ക്വിന്റലോളം നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടിയിരുന്നു.

Top