മുംബൈ: ബിജെപി സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടിലേക്ക് പണം
ഇട്ട് നല്‍കും എന്ന വാഗ്ദാനം ഇന്നും മോദി സര്‍ക്കാരിനു നേരെയുള്ള തുറുപ്പ് ചീട്ടാക്കിക്കൊണ്ട് നടക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ അത്തരമൊരു വാഗ്ദാനം തങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് ബിജെപിക്കാര്‍ പറയുന്നത്.
പക്ഷേ ഇപ്പോള്‍ ഇതാ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ പല ഗഡുക്കളായി ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് ഇട്ടുതരുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രാം ദാസ് അത്താവ്ലെ. ഇത് 15 ലക്ഷത്തിന്റെ വാഗ്ദാനക്കെണിയില് നിന്ന് തലയൂരാന്‍ കഷ്ടപ്പെടുന്ന ബിജെപികാര്‍ക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
’15 ലക്ഷം രൂപ പല ഘട്ടങ്ങളിലായി നിങ്ങളില്‍ ഓരോരുത്തരിലേക്കും എത്തും. ഒറ്റയടിക്ക് ഇത്രയധികം പണം സര്‍ക്കാരിന്റെ കയ്യിലില്ല. റിസര്‍വ്വ് ബാങ്കിനോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ പക്ഷേ നല്കാന് തയ്യാറാകുന്നില്ല. അതുകൊണ്ട് പണം ശേഖരിക്കാനായിട്ടില്ല. ഉറപ്പ് നല്കപ്പെട്ടത് തന്നെയാണ്, പക്ഷേ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായെന്ന് മാത്രം.’ മഹാരാഷ്ട്രയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അത്താവലെ നല്കിയ മറുപടിയായാണിത്.
2014ലിലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി ഇത്തരമൊരു വാഗ്ദാനം നടത്തിയത്. രാജ്യത്തെ കള്ളപ്പണം മുഴുവന്‍ തിരികെക്കൊണ്ടുവന്നാല്‍ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം ഇട്ടുതരാനുള്ള അത്രയും തുക ഉണ്ടാവും എന്നാണ് അന്ന് പറഞ്ഞത്.