ന്യൂഡല്‍ഹി: തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് 150 ഓളം യുവാക്കള്‍ നിരീക്ഷണത്തില്‍. ഇവരില്‍ ഭൂരിപക്ഷവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഐ.എസ്.ഐ.എസ്സിനോട് ബന്ധം പുലര്‍ത്തുന്നവരുടെയും ആഭിമുഖ്യം പുലര്‍ത്തുന്നവരുടെയും പട്ടിക കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ഇവരില്‍ പലരും ഐ.എസ്സുമായി ബന്ധം സ്ഥാപിച്ചതായാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്. ഐ.എസ്സിന്റെ അടുത്ത ലക്ഷ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന വിവരവും കേന്ദ്രസര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്.
ഇതേവരെ 23 ഇന്ത്യാക്കാരാണ് ഐ.എസ്സിനുവേണ്ടി പോരാടാന്‍ ഇറാഖിലേക്കും സിറിയയിലേക്കും പോയിട്ടുള്ളത്. ഇവരില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ മുംബൈയിലെ വസതിയിലേക്ക് മടങ്ങി. ഐ.എസ്. ആശയങ്ങളില്‍ ആകൃഷ്ടരായ മറ്റ് 30 ഇന്ത്യക്കാര്‍ ഈ തീവ്രവാദി സംഘടനയുടെ സ്വാധീന പ്രദേശങ്ങളിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നിലവില്‍ ഐ.എസ്സിനുവേണ്ടി യുദ്ധം ചെയ്യുന്നവരില്‍ രണ്ടു യുവാക്കള്‍ മുംബൈയ്ക്കടുത്തുള്ള കല്യാണ്‍ സ്വദേശികളാണ്. മറ്റൊരാള്‍ ഓസ്‌ട്രേലിയ ആസ്ഥാനമാക്കിയ കശ്മീര്‍ സ്വദേശിയും.
ഒരു യുവാവ് തെലങ്കാനക്കാരനാണ്, ഒരാള്‍ കര്‍ണാടകക്കാരനും. ഒമാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരാളും സിംഗപ്പുര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരാളും ഐ.എസ്സിനുവേണ്ടി യുദ്ധം ചെയ്യുന്ന ഇന്ത്യാക്കാരില്‍ ഉള്‍പ്പെടും. ഇന്ത്യന്‍ മുജാഹിദ്ദീന്റെയും ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഇന്ത്യയിലെ ചില സെല്ലുകളെ ഉപയോഗപ്പടുത്താന്‍ ഐ.എസ്. ശ്രമിക്കുന്നതായാണ് സൂചന.