1,500 prisoners, mostly civilians, freed from ISIS prison dungeon in Iraq

ഹീത്: ഐഎസിന്റെ ഭൂഗര്‍ഭ ജയിലില്‍ തടവിലാക്കിയവരെ ഇറാഖ് സേന മോചിപ്പിച്ചു. പടിഞ്ഞാറന്‍ ഇറാഖിലെ ഹീതിലെ ഐഎസ് ഉപയോഗിച്ച ജയിലിലാണ് ഇറാഖ് സേന പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ നഗരമായ ഹീത് ഐഎസില്‍ നിന്ന് ഇറാഖ് സേന പിടിച്ചെടുത്തിരുന്നു. അന്‍ബാര്‍ പ്രവിശ്യയിലാണ് ഹീത് പ്രദേശം.

ഏറ്റവും വലിയ ജനസംഖ്യയുള്ള അന്‍ബാര്‍ പ്രവിശ്യയുടെ ആസ്ഥാനം ഇപ്പോഴും ഐഎസ് നിയന്ത്രണത്തിലാണ്. ഹീതില്‍ ഐഎസ് തടവിലാക്കിയ ജയിലില്‍ 1500 ഓളം പേരാണുണ്ടായിരുന്നത്. ഇവിടെ കഴിഞ്ഞ ദിവസം അതീവ സന്നാഹത്തോടെയാണ് റെയ്ഡ് നടന്നതെന്ന് പൊലിസ് കേണല്‍ ഫദേല്‍ അല്‍ നിംറാവി പറഞ്ഞു. ജയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും മോചിപ്പിച്ചതായി പൊലിസ് ഓഫിസര്‍ പറഞ്ഞു. തടവിലാക്കപ്പെട്ടവരില്‍ ഏറെയും ഗ്രാമീണരാണ്. വലിയ ജയിലാണ് പിടിച്ചെടുത്തതെന്നും ജയിലുള്ളവരെ മോചിപ്പിച്ചതായും ഹീത് പ്രാദേശിക വക്താവ് മുഹന്നാദ് അല്‍ ദലൈമി പറഞ്ഞു. 2014 മുതല്‍ പടിഞ്ഞാറന്‍ ബഗ്ദാദിന്റെ വലിയഭാഗം ഐഎസ് നിയന്ത്രണത്തിലാണ്. അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദി ഈയിടെ ഐഎസില്‍ നിന്ന് ഇറാഖ് സേന തിരിച്ചുപിടിച്ചു. ഹീതും ഫല്ലൂജയുമാണ് ഐഎസ് നിയന്ത്രണത്തിലുണ്ടായിരുന്ന വലിയ നഗരങ്ങള്‍.

കഴിഞ്ഞ മാസം പകുതിയോടെ ഹീത് തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ശ്രമം നടത്തിയിരുന്നു. അന്‍ബാറില്‍ കൂടുതല്‍ സേനയെ നിയോഗിച്ചതിനാല്‍ ഒരേസമയം ഹീതിലും സൈനിക നീക്കം ദുഷ്‌കരമായി. യുഎസ് വ്യോമാക്രമണത്തിനു പിന്നാലെ ഇറാഖ് സേനയാണ് ഐഎസിനെതിരേ കരയുദ്ധം നടത്തുന്നത്.

Top