കൊല്‍ക്കത്ത: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1947ലെ അതിര്‍ത്തി നിര്‍ണ്ണയം ശരിയാക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിലെ 15,000 ആളുകള്‍ ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഭാഗമായി. ഇന്ത്യയ്ക്കുള്ളിലെ ബംഗ്ലാദേശാണ് ഈ പ്രദേശങ്ങള്‍. ചരിത്രപരമായ എന്‍ക്ലേവ് എക്‌സചേഞ്ചില്‍ നിരവധി കുടുംബങ്ങളാണ് ഇന്ത്യയില്‍ എത്തിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബംഗ്ലാദേശി എന്‍ക്ലേവ് പോവാതുര്‍കുതിയാണ്. 1,200 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്ത് 3,037 കുടുംബങ്ങളാണുള്ളത്. ബംഗ്ലാദേശ് അതിര്‍ത്തിയിലേയ്ക്ക് ഇവിടെ നിന്നും 5 കിലോമീറ്റര്‍ മാത്രമാണുള്ളത്.
ഇന്ത്യയിലെ ബംഗ്ലാദേശ് പ്രദേശങ്ങളില്‍ കഴിയുന്ന ആളുകളുടെ ജീവിതം ദുരിത പൂര്‍ണ്ണമാണെ
ന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളാണ് ഇതില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. മാതാപിതാക്കളുടെ പൗരത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കുന്നത്. അതിനാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഇന്ത്യയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സംഘടിപ്പിക്കുന്നതിനായി കഷ്ടപ്പെടുകയാണ്.
പ്രദേശങ്ങള്‍ ഇരുരാജ്യങ്ങളും കൈമാറ്റം ചെയ്തിട്ടും ക്യാമ്പുകള്‍ പോലും ശരിയായി നടത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ബംഗ്ലാദേശില്‍ ഏക്കറു കണക്കിന് സ്ഥലവും വലിയ അളവില്‍ പണവും ഉണ്ടായിരുന്നവര്‍ക്ക് ഇന്ത്യയുടെ ഭാഗമായതോടെ എല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നു.
അസ്സാം പൗരത്വ രജിസ്‌ട്രേഷന്‍ പ്രശ്‌നങ്ങള്‍ എല്ലാം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇവിടെ കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും ഇവര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ ഇരിക്കുന്നത്.
എന്‍ക്ലേവ് കൈമാറ്റ സമയത്ത് ക്യാംപുകള്‍ താല്‍ക്കാലികങ്ങളാണെന്നും വീടുകള്‍ ഉടന്‍ നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ ഇവ പാലിക്കപ്പെട്ടില്ല.
2015 ജൂണിലാണ് നരേന്ദ്രമോദിയും ഷേയ്ഖ് ഹസിന സൈനുമായി എന്‍ക്ലേവുകള്‍ കൈമാറുന്നതിനുള്ള ധാരണയിലെത്തുന്നത്. 51 ബംഗ്ലാദേശി പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാകുകയും അവിടെയുള്ള 111 ഇന്ത്യന്‍ പ്രദേശങ്ങള്‍ ബംഗ്ലാദേശിന്റെ ഭാഗമാകുകയും ചെയ്തു.
ആഗസ്റ്റ് 1നാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. 14,856 ആളുകളാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശികള്‍. അവര്‍ ഇന്ത്യന്‍ പൗരന്മാരായാണ് കണക്കാക്കപ്പെടുന്നത്.
ബംഗ്ലാദേശില്‍ കഴിയുന്ന 35,000 ഇന്ത്യക്കാരില്‍ 951 പേര്‍ മാത്രമാണ് ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇവര്‍ ഇപ്പോള്‍ കൂച്ച് ബഹര്‍ ക്യാംപിലാണ്. 3008 കോടിയുടെ പുനരധിവാസ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.