ഡിജിറ്റൽവത്കരണവുമായി കേന്ദ്രം, കേന്ദ്രമന്ത്രിയുടെ ഗ്രാമത്തിൽ മൊബൈൽ കവറേജ് പോലും ഇല്ല

ബിക്കാനര്‍: രാജ്യത്ത് ഡിജിറ്റൽവത്കരണവുമായി കേന്ദ്രസർക്കാർ മുന്നേറുമ്പോള്‍ കേന്ദ്ര മന്ത്രിയുടെ ഗ്രാമത്തിൽ മൊബൈൽ കവറേജ് പോലും ലഭ്യമല്ല.

രാജസ്ഥാനിലെ തന്റെ മണ്ഡലമായ ബിക്കാനിറിലൂടെ യാത്ര ചെയ്യുമ്പോള്‍ മന്ത്രിക്ക് ഒടുവിൽ മൊബൈല്‍ കവറേജ് ലഭിക്കാന്‍ മരത്തില്‍ കയറേണ്ടി വന്നു.

കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുണ്‍ റാം മെഗ്വാളിന്റെ മണ്ഡലത്തിലാണ് ഈ ദുരവവസ്ഥ. കേന്ദ്ര മന്ത്രിക്ക് സ്വന്തം ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അധികാരികളെ വിളിച്ചറിയിക്കാന്‍ മരത്തില്‍ കയറേണ്ടി വന്നു.

തന്റെ മണ്ഡലമായ ബിക്കാനിറിലെ ധോളിയ ഗ്രാമത്തിലൂടെ പോകുകയായിരുന്നു മെഗ്വാള്‍. ഇതിനിടെയാണ് തങ്ങളുടെ ഗ്രാമത്തിലെ പ്രശ്‌നങ്ങളോട് ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയാണെന്ന പരാതിയുമായി ഗ്രാമവാസികള്‍ എത്തുന്നത്. ഉടന്‍ തന്നെ മന്ത്രി ലാൻഡ് ഫോണില്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

കണക്ട് ചെയ്യാന്‍ നെറ്റ്‌വര്‍ക്ക് ഉണ്ടായിരുന്നില്ല.മന്ത്രി സ്വന്തം മൊബൈല്‍ ഫോണില്‍ ശ്രമിച്ച് നോക്കി. അതും സമാനമായിരുന്നു. എല്ലായ്‌പ്പോഴും ഇത് തന്നെയാണ് സ്ഥിതിയെന്നും മരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ കവറേജ് ലഭിക്കുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ഒരു വഴിയുമില്ലാതായതോടെ മന്ത്രി ഒരു ഏണിയുടെ സഹായത്തോടെ ഫോണുമായി അടുത്തുള്ള മരത്തില്‍ കയറി ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു.

Top