നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണ് ‘ജയിലര്‍’.വെറും രണ്ട് ദിവസത്തിനുള്ളില്‍ ‘ജയിലര്‍’ 152.02 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റായി ‘ജയിലര്‍’ മാറിയേക്കുമെന്നാണ് സൂചന. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ‘ജയിലര്‍’ റിലീസിന് 95.78ഉം 56.24 കോടി ഇന്നലെയുമാണ് നേടിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷന്‍ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരിലാണെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്. അജിത് നായകനായ ‘തുനിവ്’ 24.59 കോടി, മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 21 കോടി, ‘വാരിസ്’- 19.43 കോടി, ‘മാവീരന്‍’- 7.61 കോടി, ‘മാമന്നന്‍’- 7.12 കോടി, ‘വാത്തി’- 5.80 കോടി, ‘പത്തു തല’- 5.36 കോടി എന്നിങ്ങനെയാണ് റിലീസ് ദിവസം 2023ല്‍ നേടിയത്. കേരളത്തില്‍ വിജയ്‌യുടെ ‘വാരിസി’ന്റെ കളക്ഷന്‍ പഴങ്കഥയാക്കി രജനികാന്തിന്റെ ‘ജയിലര്‍’ ഒന്നാം സ്ഥാനത്ത് എത്തി എന്നും റിപ്പോര്‍ട്ടുണ്ട്.
അടിമുടി രജനികാന്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്രം കളക്ഷനില്‍ പല റെക്കോര്‍ഡുകളും ഭേദിക്കുമെന്ന വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. വിദേശത്ത് രജനികാന്ത് ചിത്രം 33 കോടിയാണ് ഇന്നലെ നേടിയത്. രജനികാന്തിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ‘ജയിലറി’നെ സ്വീകരിക്കുന്നതും. ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായി ‘ജയിലറി’നെ ആകര്‍ഷകമാക്കിയിരിക്കുന്നു.
രജനികാന്തിനെ നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം രാജ്യത്തെമ്പാടും പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. രമ്യാ കൃഷ്ണന്‍, വസന്ത രവി, വിനായകന്‍, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ‘ജയിലറി’ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ഓരോ നാട്ടിലേയും താരങ്ങള്‍ക്ക് രജനികാന്ത് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്’ ജയിലറി’ന്റെ പ്രധാന ആകര്‍ഷണം. മോഹന്‍ലാലിന്റെയും ശിവ രാജ്കുമാറിന്റെയും ആരാധകരെയും ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.