ഇന്ത്യന്‍ വിപണിയില്‍ കാലെടുത്തുവെച്ച നാള്‍ മുതല്‍ എതിരാളികളില്ലാതെ മുന്നേറുന്ന ഇന്നോവ ക്രിസ്റ്റയുടെ തേരോട്ടം തടയാന്‍ എതിരാളിയെ നിരത്തിലിറക്കാനൊരുങ്ങി മഹീന്ദ്ര. ഇതിന്റെ ഭാഗമായി U321 എന്ന കോഡ് നാമത്തില്‍ എം.പി.വിയുടെ നിര്‍മാണം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പൂര്‍ത്തികരിച്ചു എന്നാണ് സൂചന.
2018 ആരംഭത്തില്‍ മഹീന്ദ്ര ഔദ്യോഗികമായി വാഹനം പുറത്തിറക്കാനാണ് സാധ്യത. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്ററിറിലും ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച് സെന്ററും സംയുക്തമായാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പല ഫീച്ചേര്‍സിലും ഇനിയും മെച്ചപ്പെട്ട സേവനം ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമവും മഹീന്ദ്ര ടെക്നിക്കല്‍ സെന്ററില്‍ നടക്കുന്നുണ്ട്.
മഹീന്ദ്ര നിരയില്‍ സൈലോയുടെ പകരക്കാരനാകും U321. രൂപത്തില്‍ ഇന്നോവ ക്രിസ്റ്റയെ നേരിടാനുള്ള ഗാഭീര്യം വാഹനത്തിനുണ്ട്. ബേസ് മോഡലില്‍ 1.99 ലിറ്റര്‍ MHawk എഞ്ചിനും ടോപ് സ്പെക്കില്‍ 2.2 ലിറ്റര്‍ MHawk എഞ്ചിനും ഉള്‍പ്പെടുത്താനാണ് സാധ്യത. 2.5 ലിറ്റര്‍ എഞ്ചിനും ലഭ്യമായേക്കും. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.
ക്രിസ്റ്റയ്ക്കൊപ്പം ടാറ്റ ഹെക്സയ്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ മഹീന്ദ്രയുടെ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് സാധിക്കും. 16-20 ലക്ഷത്തിനുള്ളിലാകും വിപണി വില.