പട്ടികവർഗ യുവജന വിനിമയ പരിപാടി 20 മുതൽ 26 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ആദിവാസി യുവജന സാംസ് കാരിക വിനിമയ പരിപാടി 20 മുതൽ 26 വരെ തിരുവനന്തപുത്ത് നടത്തുമെന്ന് അറിയിച്ചു. കൈമനത്തുള്ള ബി.എസ്.എൻ.എൽ റീജിയണൽ ടെലികോം ട്രെയിനിങ് സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 20 ന് രാവിലെ 11.00 ന് ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാന കായിക യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ്, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ, കൗൺസിലർ ജി.എസ് ആശ നാഥ്, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ പരിപാടികൾ അരങ്ങേറും.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കാനും രാഷ്ട്രനിർമാണ പരിപാടികളിൽ പങ്കാളികളാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.

Top