സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊളിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രുപവരെ വേതനം ലഭിക്കുന്നു. ഇതില്‍ കേന്ദ്ര വിഹിതം 600 രുപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടില്‍നിന്നാണ് നല്‍കുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂള്‍ പാചക തൊളിലാളികള്‍ക്ക് പ്രതിമാസം 1000 രുപ മാത്രമാണ് ഓണറേറിയമായി നല്‍കേണ്ടത്.

എന്നാല്‍, കേരളത്തില്‍ പ്രതിദിന വേതനം 600 മുതല്‍ 675 രൂപ വരെ നല്‍കുന്നു. ഈ നാമമാത്ര സഹായം പിഎം പോഷണ്‍ അഭിയാനില്‍നിന്നാണ് ലഭിക്കേണ്ടത്. പദ്ധതിയില്‍ ഈവര്‍ഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാന്‍ സംസ്ഥാനം ഇതിനകം 138.88 കോടി രുപ അനുവദിച്ചു. പാചക ചെലവ് ഇനത്തില്‍ കഴിഞ്ഞ മാസം 19.82 കോടി രൂപ നല്‍കിയിരുന്നു.

Top