കാസര്‍കോട്: കേരളത്തില്‍നിന്ന് 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു.
കാസര്‍കോട് ജില്ലയിലെ 12 പേരും പാലക്കാട് ജില്ലയിലെ നാലുപേരുമടങ്ങിയ സംഘം സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) ക്യാമ്പിലെത്തിയതായാണ് സംശയിക്കുന്നത്. ഇവരില്‍ അഞ്ചുപേര്‍ കുടുംബസമേതമാണ് ക്യാമ്പിലെത്തിയിട്ടുള്ളതെന്നാണ് വിവരം. ഒരുമാസമായി കാണാതായ ഇവരില്‍നിന്ന് കഴിഞ്ഞദിവസം സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അങ്കലാപ്പിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്.
പടന്നയിലെ ഡോ. ഇജാസ്, ഭാര്യ റിഫൈല, രണ്ടുവയസ്സുള്ള കുഞ്ഞ്, ഇജാസിന്റെ അനുജന്‍ എന്‍ജിനീയറിങ് ബിരുദധാരി ഷിഹാസ്, ഷിഹാസിന്റെ ഭാര്യ അജ്മല, തൃക്കരിപ്പൂരിലെ അബ്ദുള്‍റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടുവയസ്സുള്ള കുട്ടി, ഹഫീസുദ്ദീന്‍, മര്‍വാന്‍ ഇസ്മയില്‍, അഷ്ഫാഖ് മജീദ്, ഫിറോസ്, പാലക്കാട് ജില്ലയില്‍നിന്നുള്ള ഈസ, ഈസയുടെ ഭാര്യ, യഹ്യ, യഹ്യയുടെ ഭാര്യ എന്നിവരെയാണ് ദുരൂഹസാഹചര്യത്തില്‍ ഒരുമാസമായി കാണാതായത്.
ഡോ. ഇജാസ്, സഹോദരന്‍ ഷിഹാസ്, അബ്ദുള്‍റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി ഇവരുടെ ഫോണ്‍ബന്ധം രഹസ്യാന്വേഷണവിഭാഗം പിന്തുടരുകയായിരുന്നു .
ആദ്യം ഈജിപ്തിലും പിന്നെ സിറിയയിലും ഒടുവില്‍ അഫ്ഗാനിസ്താനിലും ഇവര്‍ എത്തിയതായാണ് സൂചന. കാണാതായവരില്‍ ഫിറോസ് മുംബൈയില്‍ത്തന്നെയുള്ളതായും രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായി വിവരമുണ്ട്. കാണാതായവരില്‍ എല്ലാവരും വിദേശത്തെത്തിയെങ്കിലും ഐ.എസ്. കേന്ദ്രത്തിലെത്തിയെന്ന് രഹസ്യാന്വേഷണവിഭാഗം ഉറപ്പിക്കുന്നില്ല. പല കേന്ദ്രങ്ങളിലായാണിവര്‍ എത്തിയിട്ടുണ്ടാവുകയെന്നും കരുതുന്നു.
മതപരമായ കാര്യങ്ങള്‍ക്കെന്നപേരില്‍ ഇടയ്ക്ക് വീടുവിട്ടുപോകാറുള്ള ഇവര്‍ ജൂണ്‍ അഞ്ചിന് പ്രത്യേക പ്രാര്‍ഥനയ്‌ക്കെന്നും മറ്റും പറഞ്ഞാണ് വീടുവിട്ടത്. ഏതാനും ദിവസംമുമ്പ് ഇവരില്‍ രണ്ടുപേര്‍ അയച്ച വാട്ട്‌സ് ആപ് സന്ദേശത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ കണ്ടതോടെയാണ് ബന്ധുക്കള്‍ അങ്കലാപ്പിലായത്. തുടര്‍ന്ന് എല്ലാവരും കൂടിയാലോചിച്ചാണ് പി.കരുണാകരന്‍ എം.പി, എം.രാജഗോപാലന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്തംഗം വി.പി.പി.മുസ്തഫ എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. കാണാതായത് സംബന്ധിച്ച് പോലീസില്‍ പരാതി നല്കിയിരുന്നില്ല. സംസ്ഥാന ഇന്റലിജന്‍സിന് ഇക്കാര്യം ഇതേവരെ അറിയില്ലായിരുന്നു.
കേരളത്തില്‍നിന്ന് ആദ്യമായാണ് ഇത്രയധികംപേര്‍ രഹസ്യമായി വിദേശത്തേക്ക് കടന്ന് ഭീകരപ്രവര്‍ത്തകരുടെ താവളത്തിലെത്തുന്നത്. ഹൈദരാബാദില്‍നിന്നോ മുംബൈയില്‍ നിന്നോ ആവാം ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം. മതിയായ യാത്രാരേഖകളില്ലാതെ എങ്ങനെ ഇവര്‍ വിദേശത്തേക്ക് കടന്നു എന്നതുസംബന്ധിച്ചും അന്വേഷണം നടക്കുന്നു.
സ്വര്‍ഗരാജ്യത്തെത്തിയെന്ന് സന്ദേശം
കാസര്‍കോട്: ‘നരകത്തില്‍നിന്ന് സ്വര്‍ഗരാജ്യത്തെത്തി ഇനി അന്വേഷിക്കേണ്ട’ തൃക്കരിപ്പൂരില്‍നിന്ന് കാണാതായ ഒരാള്‍ നാട്ടിലേക്ക് ഭാര്യക്ക് വാട്ട്‌സ് ആപ് ടെലഗ്രാമായി അയച്ച സന്ദേശം ഇതാണ്. മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി അവരെയും കൂട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്കെത്തണമെന്ന നിര്‍ദേശവുമുണ്ട്. തങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയെന്ന് പ്രകടമായി പറയുന്നത് രണ്ടുപേരുടെ സന്ദേശത്തില്‍ മാത്രം. ഞങ്ങള്‍ ഇസ്ലാമിക് രാജ്യത്തെത്തി, ഇവിടെ അമേരിക്ക നിരപരാധികളെ കൊല്ലുകയാണെന്നും ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്നുവെന്നുമാണ് സന്ദേശം.
നേതൃത്വം റഷീദും ഇജാസും
തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍നിന്ന് മധ്യപൂര്‍വദേശത്ത് ഐ.എസ്. സ്വാധീനമേഖലയിലേക്കെത്തിയെന്ന് സംശയിക്കുന്ന സംഘത്തെ നയിച്ചത് അബ്ദുള്‍ റഷീദും ഡോ. ഇജാസും. കുടുംബത്തോടെ കടന്നതായി കരുതുന്ന ഇവരില്‍ ഡോ. ഇജാസ് നാട്ടില്‍ പറഞ്ഞത് ശ്രീലങ്കയില്‍ ജോലികിട്ടി പോകുന്നുവെന്നാണത്രേ. നേരത്തേ കോഴിക്കോട് ജില്ലയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഇദ്ദേഹം ചൈനയില്‍നിന്നാണ് എം.ബി.ബി.എസ്. പാസായത്. ഭാര്യയെ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടിയതാണെന്നും പറയുന്നു. ഇജാസിന്റെ സഹോദരന്‍ ഷിഹാസ് ഭാര്യയെയും കൂട്ടിയാണ് വീടുവിട്ടത്.
ഇവരില്‍ ചിലര്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലാണെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഉറപ്പിക്കുന്നു. കടുത്ത മൗലികവാദികളെങ്കിലും മറ്റാരോടെങ്കിലും വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരായിരുന്നു ഇവരെന്ന് ആര്‍ക്കും പരാതിയില്ല. ഇതേവരെ ഒരുകേസിലും പ്രതികളല്ല കാണാതായവര്‍. കൂട്ടുകൃഷിചെയ്യാന്‍ പോകുന്നുവെന്നും പ്രാര്‍ഥനയ്ക്ക് പോകുന്നുവെന്നുമൊക്കെ ബന്ധുക്കളെ ധരിപ്പിച്ചാണ് ഇവര്‍ നാട്ടില്‍നിന്ന് പലതവണയായി വിട്ടുനിന്നതത്രെ.