പാകിസ്ഥാനിൽ പട്ടിണി രൂക്ഷം. ഭക്ഷണത്തിനുവേണ്ടിയുള്ള തിക്കിലും തിരക്കിലും പെട്ട് ഇതിനോടകം പതിനാറുപേർ മരിച്ചതായി റിപ്പോർട്ട്. സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ഉണ്ടായ തിരക്കിലാണ് പതിനാറുപേർ കൊല്ലപ്പെട്ടതെന്ന് പാക് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും മൂന്നു കുട്ടികളും ഉൾപ്പെടുന്നു. നിരവധി ഭക്ഷണ ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടു.
കഴിഞ്ഞ വർഷത്തേക്കാൾ 35.37 ശതമാനമാണ് പാകിസ്ഥാനിൽ വിലക്കയറ്റം വർധിച്ചിരിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ ആയിരങ്ങളാണ് കാത്തുനിൽക്കുന്നത്.
1970ൽ പണപ്പെരുപ്പ വിവരങ്ങൾ സൂക്ഷിക്കാൻ ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് ഇത്രയും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ വക്താവ് വ്യക്തമാക്കി.
ഭക്ഷണ സാധനങ്ങൾ കൊണ്ടുവന്ന ട്രക്കിന് മുകളിൽ ആളുകൾ കൂട്ടമായി കയറുന്നതും സാധനങ്ങൾ എടുക്കാൻ തിക്കിത്തിരക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.