ബാഗ്ദാദ് : ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേര്‍ന്നതിന് 16 തുര്‍ക്കി വനിതകള്‍ക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി. ഇറാഖി സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് വനിതകൾക്ക് വധശിക്ഷ വിധിച്ചത്.
2017ൽ ഐഎസിന്‍റെ നിയന്ത്രണത്തിലിരുന്ന പ്രദേശങ്ങൾ ഇറാക്ക് സേന മോചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സംഘടനയിൽ ചേർന്ന വനിതകളെ സൈന്യം പിടികൂടിയത്.
2014 മുതല്‍ ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കാനായി ആയിരക്കണക്കിന് വിദേശികളാണ് ഇറാഖിലും സിറിയയിലും എത്തിയിട്ടുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖിലെ വടക്കന്‍ നഗരമായ തല്‍ അഫാറില്‍ നിന്നും ഐ.എസിനെ പിന്തള്ളിയപ്പോള്‍ സ്ത്രീകളും കുട്ടികളുമായി 1300 പേര്‍ കുര്‍ദിഷ് പെഷ്‌മെര്‍ഗ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു.
പിടിയിലായ വനിതകള്‍ ഐഎസിൽ ചേർന്നതിനും ഭീകര പ്രവർത്തനങ്ങളിലേർപ്പെട്ടതിനും തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി. വിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീല്‍ പോകാമെന്ന് ജഡ്ജി അബ്ദുല്‍ സത്താര്‍ അല്‍ ബിര്‍ഖ്ദാര്‍ പറഞ്ഞു.
ഐസിസില്‍ ചേര്‍ന്ന 10 സ്ത്രീകൾക്ക് കഴിഞ്ഞ ദിവസം കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിധി. ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് വനിതകളെയും 27 കുട്ടികളെയും റഷ്യക്ക് കൈമാറിയതായി ഇറാഖ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.