വാഷിങ്ടൺ: 16 ജീവനക്കാരെ എത്യോപ്യയിൽ തടഞ്ഞുവെച്ചുവെന്ന് യു.എൻ. രാജ്യതലസ്ഥാനമായ അഡിസ് അബാബയിലാണ് യു.എൻ ജീവനക്കാരെ തടഞ്ഞുവെച്ചത്. ആറ് പേരെ മോചിപ്പിച്ചുവെന്നും ഇനിയും 10 പേരെ വിട്ടുകിട്ടാനുണ്ടെന്നും ഏജൻസി അറിയിച്ചു.
തടവിലുള്ളവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ഡുജറിക് അറിയിച്ചു. എത്യോപ്യൻ സർക്കാറുമായി ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്തിനാണ് ജീവനക്കാരെ പിടിച്ചുവെച്ചത് എന്നത് സംബന്ധിച്ച് ഒരു വിശദീകരണവും ലഭിച്ചിട്ടില്ല. യു.എൻ സുരക്ഷാ ജീവനക്കാർക്ക് തടഞ്ഞുവെച്ചവരെ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇക്കാര്യത്തിൽ എത്യോപ്യൻ സർക്കാറിന്‍റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല. എത്യോപ്യൻ സർക്കാറും യു.എന്നും തമ്മിലുള്ള ബന്ധം കുറേക്കാലമായി അത്ര സുഖകരമല്ല. നേരത്തെ എത്യോപ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപ്പെടുന്നുവെന്ന് ആരോപിച്ച് ഒമ്പത് യു.എൻ ജീവനക്കാരെ രാജ്യം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തടഞ്ഞുവെച്ചുവെന്ന വാർത്തകളും പുറത്ത് വരുന്നത്.