തിരുവനന്തപുരം: പതിനാറുകാരി തൂങ്ങി മരിച്ച കേസില്‍ കുട്ടിയുടെ മാതാവും കാമുകനും അറസ്റ്റില്‍. വെട്ടുകാട് ബാലനഗര്‍ സ്വദേശിനി രമണി, കാമുകന്‍ കോതമംഗലം കാണപ്പെട്ടി സ്വദേശി മുഹമ്മദ് അലി (44) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 12-നാണ് രമണിയുടെ മകള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കുട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമായതായി തെളിഞ്ഞു.
കുട്ടിയെ പീഡിപ്പിക്കുന്നതിനായി കാമുകന്‍ മുഹമ്മദലിക്ക് വേണ്ട ഒത്താശ ചെയ്തുകൊടുത്തത് രമണിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുഹമ്മദലിയും കുറ്റം സമ്മതിച്ചു.
കുവൈറ്റില്‍ ജോലി ചെയ്യവേ 2006-ലാണ് രമണി കാമുകന്‍ മുഹമ്മദലിയുമായി പരിചയത്തിലാകുന്നത്. പിന്നീട് രമണി ഭര്‍ത്താവുമായി പിണങ്ങി ഏറെ നാള്‍ മുഹമ്മദലിയോടൊപ്പം എറണാകുളത്തെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് വരികയായിരുന്നു.
രമണിയുടെ മകള്‍ അമ്മൂമ്മയോടൊപ്പമായിരുന്നു താമസിച്ച് വന്നിരുന്നത്. ഈ അടുത്തകാലത്തായി രമണി വലിയതുറയിലെ വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെ വച്ച് കുട്ടിയെ മുഹമ്മദലി നോട്ടമിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍ദേശാനുസരണം ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ്, പൂന്തുറ സിഐ സുനില്‍ ദാസ്, വലിയതുറ എസ്‌ഐ ധനപാലന്‍, പോലീസുകാരായ തോമസ്, സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.