ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 16 വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന്റെ കാമുകിയുടെ പിതാവും ബന്ധുക്കളുമാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. മൊറാദാബാദ് സ്വദേശിനിയായ പെണ്‍കുട്ടിയെ ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ചാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
16-കാരിയുടെ സഹോദരന്‍ ജൂണ്‍ 27-ന് കാമുകിയോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് സഹോദരന്റെ കാമുകിയുടെ ബന്ധുക്കള്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. ജൂണ്‍ 28-ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഒളിച്ചോടിപ്പോയവരെ തിരയാനെന്ന വ്യാജേന പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കൂട്ടിക്കൊണ്ടുപോയി. അംറോഹ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു വീട്ടിലേക്കാണ് ഇവരെ എത്തിച്ചത്. ഇവിടെവെച്ച് ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും അമ്മാവന്മാരും ചേര്‍ന്ന് 16-കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
മാതാപിതാക്കളുടെ കണ്‍മുന്നില്‍വെച്ചാണ് 16-കാരി കൊടും ക്രൂരതയ്ക്കിരയായത്. പിറ്റേദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പ്രതികള്‍ വിട്ടയച്ചു. പൊലീസില്‍ പരാതിപ്പെട്ടാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരെ വിട്ടയച്ചത്. പിന്നീടുള്ള ദിവസങ്ങളിലും തടവില്‍ പാര്‍പ്പിച്ച 16-കാരിയെ പ്രതികള്‍ നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കി. ജൂലായ് നാലാം തീയതിയാണ് ഇവര്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ഒരാഴ്ച നീണ്ട ക്രൂരത കുടുംബാംഗങ്ങളോട് വിവരിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തതായി എ.എസ്.പി(റൂറല്‍) വിദ്യാസാഗര്‍ മിശ്ര പറഞ്ഞു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബവും പ്രതികളുടെ കുടുംബങ്ങളും വര്‍ഷങ്ങളായി പരസ്പരം അറിയാവുന്നവരാണ്. 16-കാരിയുടെ സഹോദരന്‍ പ്രതികളിലൊരാളുടെ മകളുമായി പ്രണയത്തിലായതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
ഈ കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും പ്രതികളെ കണ്ടെത്താന്‍ വിവിധ അന്വേഷണസംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികളെ കണ്ടെത്തുന്നതിനൊപ്പം ഒളിച്ചോടിയ കമിതാക്കള്‍ക്കായും പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ജൂണ്‍ 29-ന് പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് 16-കാരിയുടെ പിതാവ് ആരോപിച്ചു.